Sunday, December 20, 2009

വിശക്കുന്ന കാള




പകലന്തിയോളം പാടത്തുഴലുന്ന
ഉരുവിന്‍റെ വേദനയാരറിയാന്‍
അന്തിക്കു കിട്ടുന്ന പണത്തിന്‍റെ ചൂടില്‍
ആഞ്ഞടിക്കുന്നു ശങ്കരപ്പുലയന്‍

മുന്നിലായ് തൂക്കിയ വയ്ക്കോല് തിന്നാന്‍
മുന്നോട്ടു പോകുന്ന ഉരുവിന്‍റെ ഉത്സാഹം
അതുകണ്ടു ചിരിക്കുന്ന മര്‍ത്യന്‍റെ മാനസം
അടങ്ങാത്ത മോഹത്തിനലകളല്ലേ

ഒരു കോപ്പ കള്ളുമായ് അന്തിക്കു കൂരയില്‍
എത്തുന്നു ശങ്കരപ്പുലയനെന്നും
അതുവരെ പഞ്ഞം കിടന്നൊരാ ഉരു തന്‍റെ
വയറു നിറയ്ക്കുവാന്‍ അമറിടുന്നു

അമറുന്ന കാളയ്ക്കു മുന്നിലായ് വയ്ക്കോലും
കാടിയും തവിടും നല്‍കിയപ്പോള്‍
ആര്‍ത്തിയോടതു മോന്തികുടിക്കുന്ന ഉരുവിനെ
നോക്കിയിരുന്നു പോയ്‌ നാണിയപ്പോള്‍

തന്‍റെ കണവന്‍റെ പകലത്തെ കൂട്ടിനെ
നാണിയും നോക്കുന്നു പൊന്നുപോലെ
മക്കളില്ലാത്തൊരു ശങ്കരപ്പുലയന്‍റെ
മക്കളായ്‌ മാറിയാ ഉരുക്കളെന്നും
ജോഷി പുലികൂട്ടില്‍ copyright©joshypulikootil

Thursday, December 10, 2009

എന്‍റെ സുന്ദരി




എന്‍റെ സുന്ദരി


അമ്പോറ്റിപെണ്ണേ നിന്നെ
കാണാനോ എന്തൊരു ശേല്
കണ്ണേറൂ തട്ടാതല്ലേ
നിന്നെ ഞാന്‍ നോക്കണ പെണ്ണേ

മാനത്തെ ചന്ദ്രികയും
വിണ്ണിലെ പൂന്തിങ്കളും
നിന്‍ മുന്നിലൊന്നുമല്ലാ
പെണ്ണേ നീ ഒരുങ്ങി വന്നാല്‍

ആകാശം നിറയുന്ന
താരങ്ങള്‍ പോലെ പെണ്ണേ
മുല്ലപ്പൂ നിറഞ്ഞൂ നിന്നു
നിന്നുടെ കൂന്തലിലാകെ

സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍
അന്നു ഞാനെത്തിയപ്പോള്‍
നാണിച്ചു പെണ്ണേ നീയ്
കൈനഖം കടിയ്ക്കുന്നു
കണ്മഷി പടര്‍ന്നൊരു
കവിള്‍ത്തടം കണ്ടു ഞാന്
അറിയുന്നു പെണ്ണേ നിന്‍റെ
നെഞ്ചിലെ നൊമ്പരമെല്ലാം

മൂക്കുത്തിയിട്ടു നീയ്
വന്നിങ്ങു നിന്നപ്പോഴ്‌
മൂവന്തി പോലും പെണ്ണേ
മൂകയായ്‌ പോകുന്നല്ലോ

ഇക്കാലമത്രയും ഞാന്‍

കണ്ടൊരു സ്വപ്നങ്ങള്
തളിര്‍ക്കുന്നു പെണ്ണേ നിന്‍റെ
താമര താലിക്കുള്ളില്‍.

എന്നുടെ താലി നിന്‍റെ
കഴുത്തില് കെട്ടുമ്പോള്
കാണുന്നു പെണ്ണേ നിന്‍റെ
പുഞ്ചിരി കവിള്‍ത്തടത്തില്‍

അമ്പോറ്റിപെണ്ണേ നിന്നെ
കാണാനോ എന്തൊരു ശേല്
കണ്ണേറൂ തട്ടാതല്ലേ
നിന്നെ ഞാന്‍ നോക്കണ പെണ്ണേ
.....

ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil




Tuesday, December 1, 2009

പ്രവാസിയുടെ മനസ്സ്


പ്രവാസിയുടെ മനസ്സ്

കണ്മണി നീയെന്നെയിന്നു
കാത്തിരുന്നു മുഷിഞ്ഞുവോ
കാലവര്‍ഷമേഘം പോലെ
കണ്മണി ഞാനോടിയെത്തി

ഓടിയെത്തും എന്‍റെമുമ്പില്‍
ഓമലാളിന്‍ രൂപമല്ലേ
ഓടിവന്നു തുറക്കുന്നു
ചന്ദനത്തില്‍ തീര്‍ത്ത വാതില്‍

പൊന്നില്‍ കുളിച്ചു നില്‍ക്കും
പ്രിയതമേ നിന്‍റെ രൂപം
മാനത്തെ അമ്പിളി പോല്‍
മനതാരില്‍ തെളിഞ്ഞു നിന്നു

മൈലാഞ്ചിയിട്ടു നീയ്
മണവാട്ടിയായ നേരം
അറിയാതെ നിറഞ്ഞല്ലോ
അമ്മതന്‍ മിഴിയന്ന്

വാഴ്വു പിടിച്ചീടുന്ന
അമ്മതന്‍ നൊമ്പരം ഞാന്‍
അറിഞ്ഞല്ലോ അന്നേരം നീ
ആകാശത്തുയര്‍ന്നപ്പോള്‍

ഓടിയെത്തും എന്നെയിന്നു
ഓടി വന്നു പുണര്‍ന്നപ്പോള്‍
ഓമലേ ഞാന്‍ മറക്കുന്നു
ഓര്‍മ്മയിലെ ദു:ഖമെല്ലാം

ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil

Thursday, November 26, 2009

സന്ധ്യ തന്‍ നൊമ്പരം


സന്ധ്യ തന്‍ നൊമ്പരം
ചന്ദനം മണക്കുന്ന
സന്ധ്യതന്‍ ഇരുളില്‍ ഞാന്‍
കാണുന്നൂ എന്നെപ്പോലെ
സൂര്യനും ശോകനായ്‌

ചെമ്മാനം തുടച്ചു നീ
പോയല്ലോ സാഗരത്തില്‍
അന്നേരം കണ്ടു ഞാനാ
അമ്പിളി പൂനിലാവ്‌

സൂര്യനെ കണ്ടപോലെ
സന്ധ്യയോ കാണുന്നിതാ
ചന്ദ്രന്‍റെ ലോലമായ
അമ്പിളി പൂനിലാവ്‌


ചെമ്മാനം തരുന്നൊരാ
സൂര്യനോ നിനക്കിഷ്ടം
പൂനിലാ വിതറുന്ന
ചന്ദ്രനോ നിനക്കിഷ്ടം


സന്ധ്യയേ പറയു നീ
കേള്‍ക്കുവാന്‍ കൊതിയായി
ഇന്നോളം ഭൂമുഖത്ത്
കണ്ടെത്താ ഉത്തരത്തെ

സൂര്യനെ പിരിയുന്ന
നിന്നുടെ മനസിന്‍റെ
വേദന മറയുന്നു
അമ്പിളി വന്ന നേരം


കരയും ജലവുമായ്
അതിരു തിരിക്കുന്ന
ഓളത്തിന്‍ നൊമ്പരം ഞാന്‍
കാണുന്നൂ സന്ധ്യേ നിന്നില്‍

ഏതാണ് സന്ധ്യക്കിഷ്ടം
എന്നൊരാ
ചോദ്യത്തിന്
നിങ്ങള്‍ക്ക് ഊഹിച്ചീടാം
നിങ്ങടെ യുക്തി പോലെ



ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil





Saturday, November 21, 2009

ആത്മാവിന്‍റെ വിലാപം



ഈ മണ്ണില്‍ നടമാടും ജീവിതത്തില്‍
ഇനിയുമൊഴുക്കുവാന്‍ കണ്ണീരുണ്ടോ
ദു:ഖത്തില്‍ ദുരിതത്തില്‍ ഉഴലുന്നു ഞാന്‍
ദുര്‍വിധിക്കെപ്പോഴും സഹചാരി ഞാന്‍

കാണാത്ത വില്ലന്‍റെ വിളയാട്ടത്തില്‍
കാണാതൊളിക്കുന്നു ഞാനെപ്പോഴും
എന്നാലുമെന്നാലുമെന്നാളും ഞാന്‍
എല്ലാമറിഞ്ഞോണ്ട് ചിരിച്ചീടുന്നു

ഈ ലോക ജീവിതനാടകത്തില്‍
സമ്മാനം നോക്കാതെ നടിക്കുന്നു ഞാന്‍
ഒരു നാളില്‍ ലഭിക്കുന്ന സമ്മാനമോ
ഒരു നോക്കു കാണുവാന്‍ ഞാനില്ലപ്പോള്‍

കാണാത്ത സമ്മാനം കണ്ടിട്ടപ്പോള്‍
നാട്ടാര്‍ പുകഴ്ത്തുന്നു നല്ലവന്‍ ഞാന്‍
അതു കേള്‍ക്കാന്‍ ഞാനില്ലയെന്ന സത്യം
അറിഞ്ഞോണ്ടു പറയുന്നു നല്ലവന്‍ ഞാന്‍

ഇവര്‍ നല്‍കും ഈ ഹാസ്യ സമ്മാനങ്ങള്‍
കാണാതെ പോയതാണെന്‍റെ ഭാഗ്യം
ഈ ജന്മം കിട്ടാത്ത സമ്മാനങ്ങള്‍
മറുജന്മം കിട്ടുമ്പോളെത്ര ദു:ഖം

മാനവ ജന്മം പുണ്യ ജന്മം
ആ ജന്മം നന്നായി ജീവിക്കുക


ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil

Friday, November 20, 2009

ക്രിസ്തുമസ്




ഇന്നല്ലോ ക്രിസ്മസ് പൊന്‍പുലരി
ഈശോയെ വാഴ്ത്തുന്ന പൊന്‍പുലരി
ഈണത്താല്‍ കിങ്ങിണി മുഴക്കിടെണം
ഈശോയെ മനസേറ്റു വണങ്ങിടെണം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ

ജാതിയും മതവും പ്രശ്നമല്ല
നക്ഷത്രദീപങ്ങള്‍ വീടു തോറും
ഈ നല്ല മാനുഷ പുത്രനല്ലോ
മാനവ രക്ഷയ്ക്കു വന്നു ഭൂവില്‍
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ

കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍
കന്യകാ മേരിതന്‍ പുത്രനായ്‌
മണ്ണിന്‍റെ പുത്രന്‍ അവതരിച്ചു
മാലാഖമാരിതാ പാടിടുന്നു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ

ഈ നീലരാവിന്‍റെ പൊന്‍പ്രഭയില്‍
നക്ഷത്രദീപങ്ങള്‍ സാക്ഷിയാക്കി
രാജാക്കന്മാരിതാ വന്നിടുന്നു
സമ്മാനമേകി വണങ്ങിടുന്നു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ

കാലിത്തൊഴുത്തിലെ ആട്ടിടയര്‍
ദൈവത്തിന്‍ സൂനുവേ നമിച്ചിടുന്നു
മാലാഖമാരിതാ പാടിടുന്നു
വിണ്ണിന്‍റെ പുത്രന്‍ അവതരിച്ചു
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ

മാനവപുത്രന്‍റെ ജന്മദിനം
മാനവരൊന്നായ് ആഘോഷിക്കാം
നന്മകള്‍ ചെയ്തു നോമ്പുകള്‍ നോറ്റ്
നമുക്ക് സന്തോഷം പങ്കുവെയ്ക്കാം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ


ക്രിസ്മസ് രാത്രിയില്‍ ഉണര്‍ന്നിരിക്കാം
ക്രിസ്തുവില്‍ സന്തോഷം പങ്കുവെയ്ക്കാം
മഞ്ഞിന്‍റെ കുളിരില്‍ മയങ്ങുന്ന ഉണ്ണിയെ
മാലാഖമാരൊത്തു പുതപ്പിച്ചീടാം
ഹാലേലൂയ ഹാലേലൂയ ഹാ ലേ ലൂ യാ

ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil

Monday, October 5, 2009

കണ്ണാ നീയെന്നെ മറക്കല്ലേ കണ്ണാ




കണ്ണാ നീയെന്നെ മറക്കല്ലേ കണ്ണാ


കണ്ണാ നീയെന്നെ മറക്കല്ലേ കണ്ണാ
കണ്ണാ നീയെന്നെ വെറുക്കല്ലേ കണ്ണാ
നീയല്ലാതെനിക്കൊരു സാരഥിയില്ലാ
നീയില്ലാതെനിക്കൊരു വിജയവുമില്ലാ


പാര്‍ത്ഥന്‍റെ സാരഥിയായ കണ്ണാ
പൈയ്ക്കളെ മേയിച്ചു നടന്ന കണ്ണാ
കാളിന്ദി തീരത്ത് കാമിനിമാരുമായ്
കളിച്ചും ചിരിച്ചും നടന്ന കണ്ണാ


കണ്ണനെ സ്നേഹിച്ച ഗോപികമാരുടെ
കനവിനെ തകര്‍ത്തൊരു കള്ളനല്ലേ

രാധതന്‍ മാനസം കവര്‍ന്ന നീ അന്നെത്ര
ഗോപികമാരുടെ മനം തകര്‍ത്തു


പാര്‍ത്ഥന്‍റെ തേരില്‍ നീ സാരഥിയായ്
ഗീതോപദേശങ്ങള്‍ നല്‍കിയില്ലേ

കംസനെ വധിച്ചു തുടങ്ങിയ അങ്കത്തില്‍
കൌരവപ്പടയും തോറ്റൊടുങ്ങി

കണ്ണാ നിന്‍ സാമീപ്യം തേടി ഞാനെന്നും
കൃഷ്ണന്‍റെ കോവിലില്‍ തൊഴുതിടുന്നു

അമ്പല മുറ്റത്തു കൊളുത്തിയാ നെയ്ത്തിരി
ഇന്നെന്‍റെ മനസിന്‍റെ ദീപമായി


മാനത്തു മഴക്കാറു കാണുമ്പോള്‍ നീയെന്‍റെ
മനസിലേയ്ക്കെത്തുന്നു മാരിവില്ലായ്
മഴ പെയ്തൊഴിയുമ്പോള്‍ മാനം തെളിയുമ്പോള്‍
മനസിലെ ഭാരവും പെയ്തൊഴിയും


കണ്ണാ നീയെന്നെ മറക്കല്ലേ കണ്ണാ
കണ്ണാ നീയെന്നെ വെറുക്കല്ലേ കണ്ണാ
നീയല്ലാതെനിക്കൊരു സാരഥിയില്ലാ
നീയില്ലാതെനിക്കൊരു വിജയവുമില്ലാ

ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil

Thursday, October 1, 2009

നിലാവിന്‍റെ സംഗീതം


നിലാവിന്‍റെ സംഗീതം

ഈ നീലരാവിന്‍റെ ഈറന്‍ പുതപ്പില്‍ ഞാന്‍
ഇന്നിതാ സംഗീതം കേട്ടിടുന്നു
ഈറനുടുത്തു നീ വന്നിങ്ങു നില്‍ക്കുമ്പോള്‍
ഇന്നെന്‍റെ മാനസം നിറഞ്ഞിടുന്നു

അന്നു നീ പാടിയ പാട്ടിന്‍റെയീണം
ഇന്നുമെന്‍ കാതില്‍ മുഴങ്ങിടുന്നു
ഇന്നിതാ ഞാനാ പാട്ടിന്‍റെയീരടി
എന്‍റെ മനസോടു മന്ത്രിക്കുന്നു

നേരം വെളുക്കുമ്പോള്‍ കൂവുന്ന കോഴിയും
നേരം മയങ്ങുമ്പോള്‍ മൂളുന്ന മൂങ്ങയും
എന്നുടെയാമോദം തല്ലിക്കെടുത്തുവാന്‍
ഇന്നിതാ പെയ്യുന്ന പേമാരിയും

സരയൂ നദിയുടെ തീരത്തു നിന്നു ഞാന്‍
സംഗീതമിന്നും കേട്ടിടുന്നു
ഓളങ്ങള്‍ മൂളുന്ന നദിയുടെ താളവും
ഓമലിന്‍ താളവുമൊന്നു പോലെ

എത്രയോ നാളായാ പാട്ടിന്‍റെയീണം
എന്നുടെ ഹൃത്തിന്‍റെ താളമാക്കി
നിന്നിലെ സംഗീതം നില്‍ക്കുന്ന വേളയില്‍
എന്നിലെ സ്പന്ദനം നിന്നിടുന്നു

ആ നേരം ഈ ഭൂമി മൂകമാകും
ആ നേരം നമ്മളും മൂകരാകും
ആകാശമീതെ മാലാഖമാര്‍
ആയിരം ഗീതങ്ങള്‍ പാടുമന്ന്
ആ ഗാനം കേള്‍ക്കാനായ് കാത്തിരിക്കാം
ആയിരം ജന്മങ്ങള്‍ കാത്തിരിക്കാം




ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil

Tuesday, September 22, 2009

കുട്ടനാടന്‍ വിലാപം




കുട്ടനാടന്‍ വിലാപം




ഓളങ്ങളുയരുന്ന കായലിന്‍ നടുവില്‍
ഓടത്തിലൂടെ നീങ്ങുമ്പോള്‍ സഞ്ചാരി
കാണുന്ന കാഴ്ച്ചകളെത്ര മനോഹരം
ദൈവത്തിന്‍ നാടെത്ര വര്‍ണ്ണമനോഹരം




അതിരു തിരിക്കുന്ന കേരങ്ങളും
അങ്ങിങ്ങു കാണുന്ന ഷാപ്പുകളും
പുഞ്ചപ്പാടങ്ങളും കൊയ്ത്തുപാട്ടും
വഞ്ചികള്‍ തന്നുടെയോളങ്ങളും




ഇവിടില്ല മാലിന്യ പരിസ്ഥിതി പ്രശ്നങ്ങള്‍
ഇവിടില്ല വര്‍ഗ്ഗീയ രാഷ്ട്രീയ ഭേദങ്ങള്‍
ചുറ്റുമായ്‌ കാണുന്ന ജലത്തിനു നടുവില്‍
ചുറ്റുന്നു മര്‍ത്യന്‍ ദാഹജലത്തിനായ്‌




ദാഹിക്കും മര്‍ത്യന്‍റെ കൂരയ്ക്ക് മുമ്പിലായ്
ഒഴുകുന്ന ഓടത്തില്‍ ബിസ്സ്ലെരിയും പേറി
പോകുന്ന സഞ്ചാരീ നീയറിയുന്നുവോ
ദൈവത്തിന്‍ നാട്ടിലെ മര്‍ത്യന്‍റെ വേദന




കര്‍ക്കിടകത്തിലെ കാലവര്‍ഷത്തില്‍
മുങ്ങുന്ന കൂരയില്‍ തട്ടുകള്‍ കെട്ടിയും
സര്‍ക്കാര് നല്‍കുന്ന പച്ചരിയും
നെരമിരുളുമ്പോള്‍ ഒപ്പമിരുളുന്ന വൈദ്യുതിയും




പുഴമീനും കപ്പയും കൊഞ്ചുമായ്‌
ഒഴുകുന്ന സൌധത്തില്‍ കേരള ഭക്ഷണം
ഇതിനൊപ്പമുയരുന്ന ടൂറിസ്റ്റ്ബംഗ്ലാവും
ആലപ്പുഴ തന്‍ ആഡംബരങ്ങളും




ഇതുകണ്ട് കോരിത്തരിക്കുന്ന സഞ്ചാരീ
നീയറിയുന്നില്ല കര്‍ഷക നൊമ്പരം
നീ കാണും കേരങ്ങള്‍ പാടുന്ന കഥകളില്‍
പതിയിരിക്കുന്നു പട്ടിണി മരണങ്ങള്‍




മര്‍ത്യന്‍റെ അവകാശമെന്നു പറയുന്ന
വസ്ത്രവും വീടും കുടിവെള്ളവും
ഇല്ലാതെ വലയുന്ന മര്‍ത്യന്‍റെ ദു:ഖം
ഇല്ലാ നിനക്കത്‌ മനസിലാകില്ല
ദൈവത്തിന്‍ നാടേ കേഴുക നീ.......



ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil




മുത്തശ്ശിയും ഞാനും

മുത്തശ്ശിയും ഞാനും

കരിനീല മഷിയെഴുതി കാര്‍കൂന്തല്‍ പിന്നിയിട്ട്
കാവിലെ വേലയ്ക്കു രാവില്‍ നീ വന്നപ്പോള്‍
കാവിലെ ചെണ്ടതന്‍ താളങ്ങളുയരുമ്പോള്‍
കാതരേ നിന്നെ നോക്കി കാണികള്‍ നിന്നിടുന്നു


ആ നേത്ര ഗോളങ്ങലെല്ലാമുഴിയുമ്പോള്‍
ആരെയോ കാക്കുന്നു നിന്‍ നീലനേത്രങ്ങള്‍
ആല്‍ത്തറ തന്നിലിരുന്നു നീ നിശ്ചലം
ആരോ വരുമെന്ന വ്യാമോഹത്താല്‍

മാന്‍മിഴിയാളുടെ കരിമഷിയൊഴുകി
മായുന്നു കണ്ണീര്‍മുത്തുകളാല്‍
മുത്തശ്ശി വന്നു വിളിക്കുന്നു രാവിലെ
മുറ്റമടിക്കാന്‍ നേരമായി




പേരക്കിടാവിന്‍റെ മാനസം പേറുന്ന
പേരറിയാത്തൊരു നൊമ്പരത്തെ
ഉള്ളു തുറന്നു പുറത്തേയ്ക്കെടുക്കുവാന്‍
മുത്തശ്ശി വിളിക്കുന്നു സ്നേഹപൂര്‍വ്വം

ഒത്തിരി ഓണങ്ങള്‍ കണ്ടൊരാ മുത്തശ്ശി
ഓമനിച്ചീടുന്നു പേരകിടാവിനെ
ഓര്‍മ്മകള്‍ നെയ്യുന്ന വലയില്‍ നീ വീഴാതെ
ഓമനിച്ചീടുക മാനസത്തെ .....


ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil

Friday, September 11, 2009

മാനിഷാദ

                

മാറുന്ന കൊടിയുടെ മാറ്റൊന്നു കൂട്ടുവാന്‍
മാനവനെ തന്നെ വധിക്കുന്നു മര്‍ത്യന്‍
രക്തസാക്ഷിക്കായ്‌ സ്മാരകം പണിയുന്നു
ജീവഛവങ്ങളായ്‌ വാഴുന്നു കുട്ടികള്‍

അവരുടെ വേദന ആരറിയാന്‍
അവരുടെ നൊമ്പരം ആരറിയാന്‍
അനാഥത്വത്തിന്‍ പിത്രുത്വവും പേറി
ആടുന്ന ലോകത്തില്‍ അരങ്ങറിയാതെ
ആടുമ്പോള്‍ നേട്ടവും കൊടികള്‍ക്ക്‌ തന്നെ

കൊടികള്‍ക്ക്‌ മുന്‍പില്‍ ചിരിക്കുന്ന നേതാവില്‍
പതിയിരിക്കുന്നു ചാണക്യ തന്ത്രങ്ങള്‍
ആ തന്ത്രം നേതാക്കള്‍ ബുദ്ധിപൂര്‍വ്വം
അണികള്‍ക്ക് നല്‍കുന്നു ആവേശമായ്

ആടുന്ന കൂറയ്ക്ക് അടിസ്ഥാനമുണ്ടാക്കാന്‍
ആളുകള്‍ തമ്മില്‍ അങ്കം കുറിക്കുന്നു
അങ്കത്തിലാര് ജയിച്ചാലും തോറ്റാലും
അവസാന നഷ്ടം മര്‍ത്യനു തന്നെ

എന്നിട്ടും മര്‍ത്യന്‍ പഠിച്ചില്ല പാഠങ്ങള്‍
ഒന്നു മറ്റൊന്നിനെ കൊന്നതു കാണുമ്പോള്‍
രണ്ടാക്കി മാറ്റുവാന്‍ ശ്രമിക്കുന്നു മര്‍ത്യന്‍
മാനവവര്‍ഗമേ മന്ത്രിക്കൂ മാനിഷാദ .........

 ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil

Sunday, September 6, 2009

ഓണവും കാത്തിരിപ്പും



ഓണവും കാത്തിരിപ്പും


ഓണം വന്നോണം ഓണം വന്നോണം വന്നേ
അത്തം പത്തോണമിന്നോടി വന്നേ
ഓണത്തിന്‍ കോടിയും ഓണകളികളും
ഓമനകുഞ്ഞിന്‍റെ പുഞ്ചിരിയും ...

പുസ്തകതാളുകള്‍ അടച്ചു വച്ച്
പുത്തനുടുപ്പിതാ ഇട്ടിടുന്നേ
ഉത്രാടനാളിലെ വെപ്രാളപാച്ചിലും
ഉപ്പേരി വറുത്തതുമൊക്കയായ്

പായസം പപ്പടം പച്ചടിയായ്‌
പതിനേഴു കൂട്ടം കറികളുണ്ട്
അമ്പിളിമാമന്‍റെ പാല്‍പുഞ്ചിരി
പാല്‍പായസത്തില്‍ ഞാന്‍ കാണുന്നിതാ

മാവേലിമന്നനെ സ്വീകരിക്കാന്‍
മാവിന്‍റെ ചോട്ടിലെ പൂക്കളവും
കര്‍ഷകമക്കടെ ഉള്ളിലെ സന്തോഷം
കാണുന്നു മാവേലി പൂക്കളത്തില്‍

ഓണവെയിലിതാ പോയിടുന്നേ
ഓണപൂക്കളം    വാടിടുന്നേ
ഇനിയുമോരോണം ഇങ്ങോടിയെത്താന്‍
ഒരു വര്‍ഷംകൂടി കാത്തിരിക്കാം ......
ജോഷി പുലിക്കൂട്ടില്‍copyright©joshypulikootil
ജോഷി പുലിക്കൂട്ടില്‍

Wednesday, February 18, 2009

ഓണവും ഓര്‍മകളും


ഓണവും ഓര്‍മകളും


------------------------
ഓണത്തിന്‍ നാളില് മാവേലി വന്നപ്പോള്‍



ഓര്‍ക്കുന്നു ഞാനിന്നു ഭൂതകാലം


ഒരു നീലസാരിയും ഒരു പിടി പൂവുമായ്


ഓടുന്നു ബസ്സിന്‍റെ പിന്നാലെ നീ......







ഉള്ളില്‍കയറി കഴിഞ്ഞുള്ള നോട്ടവും


നാണത്തില്‍ മുങ്ങിയ പുഞ്ചിരിയും


ഒരു ജന്മം മുഴുവനും ഓര്‍മ്മിക്കുവാനായ്


ഒരു പാട് സ്വപ്‌നങ്ങള്‍ തന്നല്ലോ നീ,,,







എന്‍റെ മനസിന്‍റെ വേദന കേള്‍ക്കുവാന്‍


എത്രയോ നാള്‍ കൂടി വേണ്ടി വന്നു


എന്കിലുംമെന്നുടെ നൊമ്പരം കേട്ടപ്പോള്‍


നിന്നിലെ സ്വപ്നവും പൂവണിഞ്ഞു







ഒരു കോടി സ്വപ്‌നങ്ങള്‍ കണ്ടല്ലോ നാമന്ന്


ഒരുമിച്ചു ചേര്‍ന്നുള്ള ജീവിതത്തില്‍


കാണുന്ന സ്വപ്‌നങ്ങള്‍ യാഥാര്ധ്യ്മായപ്പോള്‍


കൈയ്ക്കുന്നു ജീവിതം വര്‍ഷങ്ങളായ് ..
ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil