Tuesday, May 21, 2013

തെറ്റിന്റെ ശരി

തെറ്റിന്റെ ശരി





അമ്മ തൻ നെഞ്ചിൻ നേരിപ്പോടിനുള്ളിലെ
ചൂടേറ്റു ഞാനന്നുറങ്ങി
കത്തും വിശപ്പിന്റെ ചൂടിനാലമ്മ തൻ
നെഞ്ചന്നു നീറി പുകഞ്ഞിരുന്നു

കോരിച്ചൊരിയുന്ന പേമാരിയും പിന്നെ
കൂടെ മുഴങ്ങുന്ന ശബ്ദ ഘോഷങ്ങളും ..
മാറത്തു ചേർത്തു പിടിച്ചൊരാ മാതാവിൻ
മാറാപ്പിനുള്ളിൽ ഞാൻ ഉറങ്ങിയല്ലോ

ഒരു ചാണ്‍ വയറിന്റെ പശിയോന്നടക്കുവാൻ
ഒരു നേരം തന്നെ വില്ക്കുന്ന സ്ത്രീത്വം
കത്തുന്ന വയറിന്റെ തീയൊന്നണയ്ക്കുവാൻ
ഉടുമുണ്ടഴിക്കുന്ന തെരുവിന്റെ മക്കളോ

കത്തുന്ന കാമത്തിൻ കനലൊന്നണയ്ക്കുവാൻ
കണവനെ മറക്കുന്ന കൊച്ചമ്മമാരോ
ഏതാണ് തെറ്റെന്നറിഞ്ഞു കൊണ്ടും
തെറ്റിനെ ചുമക്കുന്നു മാലോകരെല്ലാം

വേറിട്ട ജന്മങ്ങൾ കണ്ടു കൊണ്ടന്നങ്ങ്
വെറുതെ നടന്നു ഞാൻ ബാലികയായ്
കൌമാരം പിന്നിട്ടയെന്നെ ഉഴിയുന്നു
കാമം തുളുമ്പുന്ന കണ്ണുകളാൽ

തെരുവിന്റെ സന്തതി എന്നൊരാ പേരിലായ്
തെണ്ടിയായ് കാണും വരേണ്യ വർഗങ്ങളും
പിന്നിട്ട കാലത്തിൻ കാലൊച്ച കേൾക്കാതെ
എന്നെ മറയ്ക്കുന്ന എന്റെ സൗന്ദര്യവും ..

എല്ലാമെനിക്കന്നു നല്കീ ലോകത്തിൽ
ആരും കൊതിച്ചിടും ജീവ സൌഭാഗ്യങ്ങൾ
മണ്ണിൻ മടിയിലെ നേരിപ്പോടിനുള്ളിൽ ഞാൻ
എല്ലാമുപേക്ഷിച്ചു പോകുന്ന നേരത്തും

ഏതാണ് ശരിയെന്നറിയാതെയെന്നും
തെറ്റിനെ ശരിയാക്കും മാനവവർഗമേ
ശരിയേതു തെറ്റെന്നറിയാതെ ഞാനിതാ
പോകുന്നു മണ്ണിൻ നേരിപ്പോടിന്നുള്ളിലായ് ......

ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil

Sunday, February 3, 2013

തൂക്കു കയര്‍

           
   തൂക്കു കയര്‍


മര്‍ത്ത്യന്റെ കാമനയെന്ന പേരില്‍ 
മാനം നശിപ്പിക്കുമെന്റെ നാട്ടില്‍ 
മന്ത്രിമാര്‍ തൊട്ടിങ്ങു കൂലി വരെ 
മാനം പറിക്കുന്നു കൂരിരുളില്‍ 

കടയില്‍ കിട്ടാത്ത വസ്തുവായ് മാറിയ 
നാരിതന്‍ ദേഹം വിലയ്ക്കെടുക്കാന്‍ 
നാടുകള്‍ തോറും തേടി നടന്നവര്‍ 
നാടിന്റെ മാനം കളഞ്ഞു കൊണ്ടും 

ഏതോ കിനാവിലെ ഭീകരസത്വം പോല്‍
ഏതു നിമിഷവുമവര്‍ വരുന്നു 
അറിയാതെ കരയുന്ന നാരി തന്‍ നാസിക 
അമര്‍ത്തി പിടിക്കുന്നു ആക്രാന്തത്താല്‍ 

അമ്മയും പെങ്ങളും ആരെന്നറിയാത്ത 
ആളെ ഭരിക്കുന്ന നീതി സത്വങ്ങള്‍ ...
ആയതിന്‍ മുന്നിലേക്കവരെ വരുത്തുവാന്‍ 
അണിയിപ്പൂ കറുത്ത മുഖംമൂടികള്‍ 

കാളുന്ന വയറിന്റെ നൊമ്പരമറിയാതെ
കാമം തുളുമ്പുന്ന വദനമോടെ 
കാശിനായ് വാദിക്കും വക്കീലുമാരോ 
കറുപ്പിനാല്‍ മൂടുന്നു നീതി തന്‍ കണ്ണുകള്‍ 

നീതിശാസ്ത്രത്തിന്റെ നാരുകള്‍ കീറി 
എഴുതുന്നു പുത്തെന്‍ കുറ്റപത്രങ്ങളും 
നാരീ നിനക്കായ് കെണിയൊരുക്കുന്നവര്‍ 
നാറിയ രാഷ്ട്രീയ പിന്‍ബലത്താല്‍ 

ഒരു മുഴം കയറിനാല്‍ ജീവിതം തീര്‍ത്തു
സോദരീ നീയങ്ങു പോവുമ്പോഴും 
നിന്നുടെയോര്‍മ്മയില്‍ വിങ്ങുന്നു 
അമ്മതന്‍ മാതൃത്വം എന്നുമെന്നും 

കസബിനെ തൂക്കിയ കയറിന്റെയറ്റം 
ആടുന്നു നിങ്ങളെ നോക്കിയിപ്പോള്‍ 
സോദരിമാരുടെ മാനം നശിപ്പിക്കും 
നീചരാം മര്‍ത്ത്യരേ നിങ്ങള്‍ക്കായ് ....


ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil 

Tuesday, January 1, 2013

നശ്വരം - അനശ്വരം





ഉരുകുന്ന മെഴുതിരിയെന്നപോലെ 
യുരുകുന്നെന്‍ ഹൃദയവുമിന്നിവിടെ
മനസിലെ നൊമ്പരം മായ്ക്കുവാനായ് 
ഞാനണിയുന്നു  പുഞ്ചിരി മുഖതാരിലായ് 

കണ്ണീരിലുപ്പിന്‍ രുചിയറിഞ്ഞെന്‍  
നാവിന്റെ സ്വാദെല്ലാം പോയ്‌ മറഞ്ഞു 
എന്തിനെന്നറിയാതെയെന്നുമെന്നും 
അന്നം മുടങ്ങാതെ കഴിച്ചിടുന്നു 

പാമരം പോയൊരു തോണി പോലെ
പൊട്ടിയ പമ്പരമെന്ന പോലെ 
അലയുന്നു ഞാനിന്നീ മരുഭൂമിയില്‍
കടിഞ്ഞാണില്ലാത്ത അശ്വമായ് 

ഒരുവേള എന്‍മനം പതറിയപ്പോള്‍ 
ഓര്‍ത്തല്ലോ അനശ്വരനായിടുവാന്‍
അതിനുള്ള വഴി തേടിയലഞ്ഞിടുമ്പോള്‍ 
അരികിലായ് നില്‍ക്കുന്നു സോമരസം 

മധുപാനം ചെയ്യുന്ന വണ്ട് പോലെ 
മഴവില്ലിലാടുന്ന മയിലു പോലെ
മനസിലെ നൊമ്പരം മറച്ചീടുവാന്‍ 
ആ മധുപാത്രത്തില്‍ ഞാനലിഞ്ഞുവല്ലോ

നശ്വരമായൊരു മുക്തി തേടി 
നാശത്തിന്‍ പാതെ ചരിച്ചിടുമ്പോള്‍
അരികിലായെത്തുന്നു യേശുനാഥന്‍ 
അറിയുന്നു ഞാനന്നാ പരമസത്യം

സന്തോഷ സന്താപം  മിന്നി നില്‍ക്കും 
സമീക്ഷയാണീ ജീവിതങ്ങള്‍ 
വരദാനം കിട്ടിയ ജീവിതമോ 
വെറുതെ കളയുവാന്‍ നാം അര്‍ഹരല്ല.

 ജോഷി പുലിക്കൂട്ടില്‍ 
copyright©joshypulikootil 

Monday, November 12, 2012

അകലങ്ങളിലുള്ള തമ്പുരാനേ

അകലങ്ങളിലുള്ള തമ്പുരാനേ 
അരികിലായി നീയിന്നണഞ്ഞിടെണേ
ആരോടും പറയാത്ത നൊമ്പരങ്ങള്‍ 
ആരുമറിയാതെ പങ്കുവയ്ക്കാം 

മനസിലെ ദു:ഖത്തിന്‍ ഭാരമെല്ലാം 
മാതാവിന്‍ മടിയില്‍ ഞാനിറക്കിടുന്നു 
നിന്നുടെയമ്മ തന്‍ ചാരെ നില്‍ക്കും 
എന്നെ നിന്‍ സന്നിധി ചേര്‍ക്കു നാഥാ 

ആഹ്ലാദചിത്തനായി അരികിലെത്തി
ആനന്ദ ഗീതികള്‍ പാടിടാം ഞാന്‍ 
മാലാഖമാരുടെ വാദ്യങ്ങളാല്‍ 
മാനവരാശിയതേറ്റു പാടും 

മനസിലെ നൊമ്പരം നീക്കി നാഥാ 
എന്‍ ചിത്തം നിന്നോടു ചേര്‍ക്കു നാഥാ 
തവതിരുതണലില്‍ ഞാനെന്നുമെന്നും 
സുവിശേഷ ഗീതികള്‍ പാടിടട്ടെ 


ജോഷി പുലിക്കൂട്ടില്‍ 
copyright©joshypulikootil 


Thursday, September 8, 2011

ഓണസ്മൃതികള്‍

         ഓണസ്മൃതികള്‍


ഓണസ്മൃതികള്‍






മലയാള നാടിന്റെ ഉത്സവമായ്
മാമല നാടിന്‍റെ തുടിതാളമായ്
ഓണവും പൂക്കളും വന്നണഞ്ഞു
ഓര്‍മ്മയില്‍ പൂവിളി ഓടിയെത്തി


പൊന്നോണ വെയിലിലെ പൂത്തുമ്പിയും
പുന്നമടയിലെ വഞ്ചിപ്പാട്ടും
നഷ്ട സൌഭാഗ്യത്തിന്‍ കണക്കിലിതാ   
നാടിന്റെ ഓര്‍മ്മയും ചേര്‍ന്നിടുന്നു

മാവേലി വാണൊരു നാട്ടിലിന്ന്
മാലോക ജീവിതം പെരുവഴിയില്‍
അണ്ണാഹസാരയും സമരങ്ങളും
ആയിരം കോടി തന്‍ അഴിമതിയും

ഇല്ലാത്ത കാലത്ത് കേരളത്തില്‍
ഇല്ലായ്മ ഇല്ലാതെ ഭരിച്ചു നീയേ
മാവേലി നീയെത്ര ഭാഗ്യവാനാ
മാലോകര്‍ വാഴ്ത്തുന്നു നിന്റെ കാലം

പൂവിളി, ഉത്രാടം ,പൊന്നൂഞ്ഞാല്
പൂമുഖ മുറ്റത്തെ പൂക്കളവും
ഇന്നിന്റെ ജീവിത ശതവേഗത്തില്‍
ഈ നല്ല കാലം മറക്കുന്നു നാം

അത്തച്ചമയവും പുലികളിയും
ആ നല്ല കാലത്തിന്‍ ശംഖൊലികള്‍
ഓര്‍മയില്‍ നില്‍ക്കുന്നാ നല്ല കാലം
ഓടി മറയുന്നൂ ഈ വേളയില്‍

മാവേലി മന്നനെ പാതാളത്തില്‍
മത്സരിച്ചയക്കുന്ന പ്രവാസികള്‍ നാം
ഓരോരോ ദേശത്തും മൂന്ന് ഓണങ്ങള്‍
ഒരുമിച്ചു ഘോഷിക്കും മലയാളി നാം

മാവേലി മന്നനെ കണ്ടെത്തുവാന്‍
മത്സരം നടത്തുന്ന മാലോകര്‍ നാം
പാതാളം പുല്കിയാ മാവേലിയോ
പണ്ടേ മടുത്തല്ലോ ഈ നാടിനെ

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആ നല്ല കാലം തിരിച്ചു കിട്ടാന്‍
ഈ ഓണക്കാലത്ത് ശ്രമിച്ചിടുവിന്‍

ജോഷിപുലിക്കൂട്ടില്‍
copyright©joshypulikootil



Tuesday, February 1, 2011

ശലഭവും പൂന്തോപ്പും പിന്നെ വണ്ടും


ഞാനിന്നിവിടെ നില്‍ക്കുമ്പോള്‍
ഓര്‍ക്കുന്നൂ ഞാന്‍ ആ കാലം
ഓര്‍മ്മകള്‍ നെയ്യും പൂന്തോപ്പില്‍
ഞാനൊരു വണ്ടായി പാറുന്നു

കാലത്തിന്റെ കളിത്തട്ടില്‍
കരിവണ്ടായി ഞാന്‍ മൂളുന്നു
എന്നുടെ ശബ്ദം കേള്‍ക്കാനായ്
പൂവുകള്‍ കാറ്റില്‍ ആടുന്നു

ആരാമത്തിലെ ആനന്ദം
അറിയുന്നൂ ഞാനീ നേരം
എന്നുടെ സ്പര്‍ശം കിട്ടുമ്പോള്‍
ഓരോ പൂവും തളരുന്നു

ആരാമത്തിലെ രാജാവായ്
അന്നൊരു ശലഭം വന്നെത്തി
ചെടികള്‍ക്കെല്ലാം അഴകായി
ചേര്‍ന്നു നടക്കുന്നാ ശലഭം

ശലഭം നല്‍കും പ്രണയത്താല്‍
പൂവുകളെന്നെ വെറുത്തല്ലോ
അഭിമാനത്തിനു ക്ഷതമേറ്റാ
ആരാമം ഞാന്‍ പിരിഞ്ഞല്ലോ
ഞാനിന്നിവിടെ നില്‍ക്കുമ്പോള്‍

ഓര്‍ക്കുന്നൂ ഞാന്‍ ആ കാലം
ഓര്‍മ്മകള്‍ നെയ്യും പൂന്തോപ്പില്‍
ഞാനൊരു വണ്ടായി പാറുന്നു


ജോഷി പുലിക്കൂട്ടില്‍

copyright©joshypulikootil

Sunday, January 9, 2011

2000-2010-2011



ഓര്‍മ്മയില്‍ മായുന്നു ഈ ദശകം 
ഓര്‍ക്കുന്നു ഞാനാ നല്ലകാലം
ദശകങ്ങള്‍ മാറി നാടിതാ മാഞ്ഞു
ദേശാന്തരങ്ങള്‍ നാം മാറിയില്ലേ

കാലങ്ങള്‍ പോയി  രൂപങ്ങള്‍ മാറി
കോലങ്ങള്‍ മാറാതെ നാമന്നുമിന്നും
ദേശങ്ങള്‍ മാറി ഭാഷകള്‍ മാറി
മറന്നില്ല എന്നിട്ടും മലയാണ്മയെ

യാന്ത്രിക ജീവിത വേഗതയില്‍
ജീവിത യാതന നാം മറന്നു
ഊഷ്മളമായൊരാ ബന്ധമെല്ലാം
പ്രവാസ ലോകത്തില്‍  വെടിയുന്നു നാം

അച്ഛനും അമ്മയും  ഏകരായ്
അവസാന നാളുകള്‍ തള്ളി നീക്കി
ജീവന്‍ വെടിഞ്ഞതിന്‍ വേദനയോ
കാലാന്തരത്തില്‍ ഓര്‍മ്മയായി

ഗാന്ധിയും നെഹ്രുവും കാണിച്ചോരാ..
ശാന്തി തന്‍ മാര്‍ഗം നാം വെടിഞ്ഞു
ന്യുക്ളിയര്‍ ബോംബിന്റെ ഈ യുഗത്തില്‍
ന്യുക്ളിയര്‍ വീട്ടില്‍ വാഴുന്നു നാം

നാസ തന്‍ പേടകം  ഡിസ്കവറി
ഇന്ത്യ തന്‍ അത്ഭുതം ചന്ദ്രയാനും..
അച്ഛനും അമ്മയും  ഒഴികെയെല്ലാം
വാങ്ങാന്‍ ലഭിക്കുമീ  ഭൂമുഖത്തില്‍

ഓര്‍ക്കുവാനില്ലെനിക്കിന്നു നേരം
ഓര്‍മ്മയില്‍ മായുന്നു ഇന്നലകള്‍
ഇന്നിന്റെ ജീവിത വേഗതയില്‍
ഇന്നലെ എന്നോ മറവിയായ്‌

പുതു ദശകത്തിന്‍ പിറവിയില്‍ നാം
പൂര്‍ണ്ണതയ്ക്കായിന്നു പ്രാര്‍ഥിച്ചിടാം
പൂന്തേന്‍ തുളുംബുമോരോര്‍മ്മയായ്
പുതു വര്‍ഷം നിങ്ങള്‍ക്ക് മാറിടട്ടെ .

ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil