Thursday, September 8, 2011

ഓണസ്മൃതികള്‍

         ഓണസ്മൃതികള്‍


ഓണസ്മൃതികള്‍


മലയാള നാടിന്റെ ഉത്സവമായ്
മാമല നാടിന്‍റെ തുടിതാളമായ്
ഓണവും പൂക്കളും വന്നണഞ്ഞു
ഓര്‍മ്മയില്‍ പൂവിളി ഓടിയെത്തി


പൊന്നോണ വെയിലിലെ പൂത്തുമ്പിയും
പുന്നമടയിലെ വഞ്ചിപ്പാട്ടും
നഷ്ട സൌഭാഗ്യത്തിന്‍ കണക്കിലിതാ   
നാടിന്റെ ഓര്‍മ്മയും ചേര്‍ന്നിടുന്നു

മാവേലി വാണൊരു നാട്ടിലിന്ന്
മാലോക ജീവിതം പെരുവഴിയില്‍
അണ്ണാഹസാരയും സമരങ്ങളും
ആയിരം കോടി തന്‍ അഴിമതിയും

ഇല്ലാത്ത കാലത്ത് കേരളത്തില്‍
ഇല്ലായ്മ ഇല്ലാതെ ഭരിച്ചു നീയേ
മാവേലി നീയെത്ര ഭാഗ്യവാനാ
മാലോകര്‍ വാഴ്ത്തുന്നു നിന്റെ കാലം

പൂവിളി, ഉത്രാടം ,പൊന്നൂഞ്ഞാല്
പൂമുഖ മുറ്റത്തെ പൂക്കളവും
ഇന്നിന്റെ ജീവിത ശതവേഗത്തില്‍
ഈ നല്ല കാലം മറക്കുന്നു നാം

അത്തച്ചമയവും പുലികളിയും
ആ നല്ല കാലത്തിന്‍ ശംഖൊലികള്‍
ഓര്‍മയില്‍ നില്‍ക്കുന്നാ നല്ല കാലം
ഓടി മറയുന്നൂ ഈ വേളയില്‍

മാവേലി മന്നനെ പാതാളത്തില്‍
മത്സരിച്ചയക്കുന്ന പ്രവാസികള്‍ നാം
ഓരോരോ ദേശത്തും മൂന്ന് ഓണങ്ങള്‍
ഒരുമിച്ചു ഘോഷിക്കും മലയാളി നാം

മാവേലി മന്നനെ കണ്ടെത്തുവാന്‍
മത്സരം നടത്തുന്ന മാലോകര്‍ നാം
പാതാളം പുല്കിയാ മാവേലിയോ
പണ്ടേ മടുത്തല്ലോ ഈ നാടിനെ

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആ നല്ല കാലം തിരിച്ചു കിട്ടാന്‍
ഈ ഓണക്കാലത്ത് ശ്രമിച്ചിടുവിന്‍

ജോഷിപുലിക്കൂട്ടില്‍
copyright©joshypulikootilTuesday, February 1, 2011

ശലഭവും പൂന്തോപ്പും പിന്നെ വണ്ടും


ഞാനിന്നിവിടെ നില്‍ക്കുമ്പോള്‍
ഓര്‍ക്കുന്നൂ ഞാന്‍ ആ കാലം
ഓര്‍മ്മകള്‍ നെയ്യും പൂന്തോപ്പില്‍
ഞാനൊരു വണ്ടായി പാറുന്നു

കാലത്തിന്റെ കളിത്തട്ടില്‍
കരിവണ്ടായി ഞാന്‍ മൂളുന്നു
എന്നുടെ ശബ്ദം കേള്‍ക്കാനായ്
പൂവുകള്‍ കാറ്റില്‍ ആടുന്നു

ആരാമത്തിലെ ആനന്ദം
അറിയുന്നൂ ഞാനീ നേരം
എന്നുടെ സ്പര്‍ശം കിട്ടുമ്പോള്‍
ഓരോ പൂവും തളരുന്നു

ആരാമത്തിലെ രാജാവായ്
അന്നൊരു ശലഭം വന്നെത്തി
ചെടികള്‍ക്കെല്ലാം അഴകായി
ചേര്‍ന്നു നടക്കുന്നാ ശലഭം

ശലഭം നല്‍കും പ്രണയത്താല്‍
പൂവുകളെന്നെ വെറുത്തല്ലോ
അഭിമാനത്തിനു ക്ഷതമേറ്റാ
ആരാമം ഞാന്‍ പിരിഞ്ഞല്ലോ
ഞാനിന്നിവിടെ നില്‍ക്കുമ്പോള്‍

ഓര്‍ക്കുന്നൂ ഞാന്‍ ആ കാലം
ഓര്‍മ്മകള്‍ നെയ്യും പൂന്തോപ്പില്‍
ഞാനൊരു വണ്ടായി പാറുന്നു


ജോഷി പുലിക്കൂട്ടില്‍

copyright©joshypulikootil

Sunday, January 9, 2011

2000-2010-2011ഓര്‍മ്മയില്‍ മായുന്നു ഈ ദശകം 
ഓര്‍ക്കുന്നു ഞാനാ നല്ലകാലം
ദശകങ്ങള്‍ മാറി നാടിതാ മാഞ്ഞു
ദേശാന്തരങ്ങള്‍ നാം മാറിയില്ലേ

കാലങ്ങള്‍ പോയി  രൂപങ്ങള്‍ മാറി
കോലങ്ങള്‍ മാറാതെ നാമന്നുമിന്നും
ദേശങ്ങള്‍ മാറി ഭാഷകള്‍ മാറി
മറന്നില്ല എന്നിട്ടും മലയാണ്മയെ

യാന്ത്രിക ജീവിത വേഗതയില്‍
ജീവിത യാതന നാം മറന്നു
ഊഷ്മളമായൊരാ ബന്ധമെല്ലാം
പ്രവാസ ലോകത്തില്‍  വെടിയുന്നു നാം

അച്ഛനും അമ്മയും  ഏകരായ്
അവസാന നാളുകള്‍ തള്ളി നീക്കി
ജീവന്‍ വെടിഞ്ഞതിന്‍ വേദനയോ
കാലാന്തരത്തില്‍ ഓര്‍മ്മയായി

ഗാന്ധിയും നെഹ്രുവും കാണിച്ചോരാ..
ശാന്തി തന്‍ മാര്‍ഗം നാം വെടിഞ്ഞു
ന്യുക്ളിയര്‍ ബോംബിന്റെ ഈ യുഗത്തില്‍
ന്യുക്ളിയര്‍ വീട്ടില്‍ വാഴുന്നു നാം

നാസ തന്‍ പേടകം  ഡിസ്കവറി
ഇന്ത്യ തന്‍ അത്ഭുതം ചന്ദ്രയാനും..
അച്ഛനും അമ്മയും  ഒഴികെയെല്ലാം
വാങ്ങാന്‍ ലഭിക്കുമീ  ഭൂമുഖത്തില്‍

ഓര്‍ക്കുവാനില്ലെനിക്കിന്നു നേരം
ഓര്‍മ്മയില്‍ മായുന്നു ഇന്നലകള്‍
ഇന്നിന്റെ ജീവിത വേഗതയില്‍
ഇന്നലെ എന്നോ മറവിയായ്‌

പുതു ദശകത്തിന്‍ പിറവിയില്‍ നാം
പൂര്‍ണ്ണതയ്ക്കായിന്നു പ്രാര്‍ഥിച്ചിടാം
പൂന്തേന്‍ തുളുംബുമോരോര്‍മ്മയായ്
പുതു വര്‍ഷം നിങ്ങള്‍ക്ക് മാറിടട്ടെ .

ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil