Tuesday, September 22, 2009

കുട്ടനാടന്‍ വിലാപം
കുട്ടനാടന്‍ വിലാപം
ഓളങ്ങളുയരുന്ന കായലിന്‍ നടുവില്‍
ഓടത്തിലൂടെ നീങ്ങുമ്പോള്‍ സഞ്ചാരി
കാണുന്ന കാഴ്ച്ചകളെത്ര മനോഹരം
ദൈവത്തിന്‍ നാടെത്ര വര്‍ണ്ണമനോഹരം
അതിരു തിരിക്കുന്ന കേരങ്ങളും
അങ്ങിങ്ങു കാണുന്ന ഷാപ്പുകളും
പുഞ്ചപ്പാടങ്ങളും കൊയ്ത്തുപാട്ടും
വഞ്ചികള്‍ തന്നുടെയോളങ്ങളും
ഇവിടില്ല മാലിന്യ പരിസ്ഥിതി പ്രശ്നങ്ങള്‍
ഇവിടില്ല വര്‍ഗ്ഗീയ രാഷ്ട്രീയ ഭേദങ്ങള്‍
ചുറ്റുമായ്‌ കാണുന്ന ജലത്തിനു നടുവില്‍
ചുറ്റുന്നു മര്‍ത്യന്‍ ദാഹജലത്തിനായ്‌
ദാഹിക്കും മര്‍ത്യന്‍റെ കൂരയ്ക്ക് മുമ്പിലായ്
ഒഴുകുന്ന ഓടത്തില്‍ ബിസ്സ്ലെരിയും പേറി
പോകുന്ന സഞ്ചാരീ നീയറിയുന്നുവോ
ദൈവത്തിന്‍ നാട്ടിലെ മര്‍ത്യന്‍റെ വേദന
കര്‍ക്കിടകത്തിലെ കാലവര്‍ഷത്തില്‍
മുങ്ങുന്ന കൂരയില്‍ തട്ടുകള്‍ കെട്ടിയും
സര്‍ക്കാര് നല്‍കുന്ന പച്ചരിയും
നെരമിരുളുമ്പോള്‍ ഒപ്പമിരുളുന്ന വൈദ്യുതിയും
പുഴമീനും കപ്പയും കൊഞ്ചുമായ്‌
ഒഴുകുന്ന സൌധത്തില്‍ കേരള ഭക്ഷണം
ഇതിനൊപ്പമുയരുന്ന ടൂറിസ്റ്റ്ബംഗ്ലാവും
ആലപ്പുഴ തന്‍ ആഡംബരങ്ങളും
ഇതുകണ്ട് കോരിത്തരിക്കുന്ന സഞ്ചാരീ
നീയറിയുന്നില്ല കര്‍ഷക നൊമ്പരം
നീ കാണും കേരങ്ങള്‍ പാടുന്ന കഥകളില്‍
പതിയിരിക്കുന്നു പട്ടിണി മരണങ്ങള്‍
മര്‍ത്യന്‍റെ അവകാശമെന്നു പറയുന്ന
വസ്ത്രവും വീടും കുടിവെള്ളവും
ഇല്ലാതെ വലയുന്ന മര്‍ത്യന്‍റെ ദു:ഖം
ഇല്ലാ നിനക്കത്‌ മനസിലാകില്ല
ദൈവത്തിന്‍ നാടേ കേഴുക നീ.......ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil
മുത്തശ്ശിയും ഞാനും

മുത്തശ്ശിയും ഞാനും

കരിനീല മഷിയെഴുതി കാര്‍കൂന്തല്‍ പിന്നിയിട്ട്
കാവിലെ വേലയ്ക്കു രാവില്‍ നീ വന്നപ്പോള്‍
കാവിലെ ചെണ്ടതന്‍ താളങ്ങളുയരുമ്പോള്‍
കാതരേ നിന്നെ നോക്കി കാണികള്‍ നിന്നിടുന്നു


ആ നേത്ര ഗോളങ്ങലെല്ലാമുഴിയുമ്പോള്‍
ആരെയോ കാക്കുന്നു നിന്‍ നീലനേത്രങ്ങള്‍
ആല്‍ത്തറ തന്നിലിരുന്നു നീ നിശ്ചലം
ആരോ വരുമെന്ന വ്യാമോഹത്താല്‍

മാന്‍മിഴിയാളുടെ കരിമഷിയൊഴുകി
മായുന്നു കണ്ണീര്‍മുത്തുകളാല്‍
മുത്തശ്ശി വന്നു വിളിക്കുന്നു രാവിലെ
മുറ്റമടിക്കാന്‍ നേരമായി
പേരക്കിടാവിന്‍റെ മാനസം പേറുന്ന
പേരറിയാത്തൊരു നൊമ്പരത്തെ
ഉള്ളു തുറന്നു പുറത്തേയ്ക്കെടുക്കുവാന്‍
മുത്തശ്ശി വിളിക്കുന്നു സ്നേഹപൂര്‍വ്വം

ഒത്തിരി ഓണങ്ങള്‍ കണ്ടൊരാ മുത്തശ്ശി
ഓമനിച്ചീടുന്നു പേരകിടാവിനെ
ഓര്‍മ്മകള്‍ നെയ്യുന്ന വലയില്‍ നീ വീഴാതെ
ഓമനിച്ചീടുക മാനസത്തെ .....


ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil

Friday, September 11, 2009

മാനിഷാദ

                

മാറുന്ന കൊടിയുടെ മാറ്റൊന്നു കൂട്ടുവാന്‍
മാനവനെ തന്നെ വധിക്കുന്നു മര്‍ത്യന്‍
രക്തസാക്ഷിക്കായ്‌ സ്മാരകം പണിയുന്നു
ജീവഛവങ്ങളായ്‌ വാഴുന്നു കുട്ടികള്‍

അവരുടെ വേദന ആരറിയാന്‍
അവരുടെ നൊമ്പരം ആരറിയാന്‍
അനാഥത്വത്തിന്‍ പിത്രുത്വവും പേറി
ആടുന്ന ലോകത്തില്‍ അരങ്ങറിയാതെ
ആടുമ്പോള്‍ നേട്ടവും കൊടികള്‍ക്ക്‌ തന്നെ

കൊടികള്‍ക്ക്‌ മുന്‍പില്‍ ചിരിക്കുന്ന നേതാവില്‍
പതിയിരിക്കുന്നു ചാണക്യ തന്ത്രങ്ങള്‍
ആ തന്ത്രം നേതാക്കള്‍ ബുദ്ധിപൂര്‍വ്വം
അണികള്‍ക്ക് നല്‍കുന്നു ആവേശമായ്

ആടുന്ന കൂറയ്ക്ക് അടിസ്ഥാനമുണ്ടാക്കാന്‍
ആളുകള്‍ തമ്മില്‍ അങ്കം കുറിക്കുന്നു
അങ്കത്തിലാര് ജയിച്ചാലും തോറ്റാലും
അവസാന നഷ്ടം മര്‍ത്യനു തന്നെ

എന്നിട്ടും മര്‍ത്യന്‍ പഠിച്ചില്ല പാഠങ്ങള്‍
ഒന്നു മറ്റൊന്നിനെ കൊന്നതു കാണുമ്പോള്‍
രണ്ടാക്കി മാറ്റുവാന്‍ ശ്രമിക്കുന്നു മര്‍ത്യന്‍
മാനവവര്‍ഗമേ മന്ത്രിക്കൂ മാനിഷാദ .........

 ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil

Sunday, September 6, 2009

ഓണവും കാത്തിരിപ്പുംഓണവും കാത്തിരിപ്പും


ഓണം വന്നോണം ഓണം വന്നോണം വന്നേ
അത്തം പത്തോണമിന്നോടി വന്നേ
ഓണത്തിന്‍ കോടിയും ഓണകളികളും
ഓമനകുഞ്ഞിന്‍റെ പുഞ്ചിരിയും ...

പുസ്തകതാളുകള്‍ അടച്ചു വച്ച്
പുത്തനുടുപ്പിതാ ഇട്ടിടുന്നേ
ഉത്രാടനാളിലെ വെപ്രാളപാച്ചിലും
ഉപ്പേരി വറുത്തതുമൊക്കയായ്

പായസം പപ്പടം പച്ചടിയായ്‌
പതിനേഴു കൂട്ടം കറികളുണ്ട്
അമ്പിളിമാമന്‍റെ പാല്‍പുഞ്ചിരി
പാല്‍പായസത്തില്‍ ഞാന്‍ കാണുന്നിതാ

മാവേലിമന്നനെ സ്വീകരിക്കാന്‍
മാവിന്‍റെ ചോട്ടിലെ പൂക്കളവും
കര്‍ഷകമക്കടെ ഉള്ളിലെ സന്തോഷം
കാണുന്നു മാവേലി പൂക്കളത്തില്‍

ഓണവെയിലിതാ പോയിടുന്നേ
ഓണപൂക്കളം    വാടിടുന്നേ
ഇനിയുമോരോണം ഇങ്ങോടിയെത്താന്‍
ഒരു വര്‍ഷംകൂടി കാത്തിരിക്കാം ......
ജോഷി പുലിക്കൂട്ടില്‍copyright©joshypulikootil
ജോഷി പുലിക്കൂട്ടില്‍