Tuesday, January 1, 2013

നശ്വരം - അനശ്വരം





ഉരുകുന്ന മെഴുതിരിയെന്നപോലെ 
യുരുകുന്നെന്‍ ഹൃദയവുമിന്നിവിടെ
മനസിലെ നൊമ്പരം മായ്ക്കുവാനായ് 
ഞാനണിയുന്നു  പുഞ്ചിരി മുഖതാരിലായ് 

കണ്ണീരിലുപ്പിന്‍ രുചിയറിഞ്ഞെന്‍  
നാവിന്റെ സ്വാദെല്ലാം പോയ്‌ മറഞ്ഞു 
എന്തിനെന്നറിയാതെയെന്നുമെന്നും 
അന്നം മുടങ്ങാതെ കഴിച്ചിടുന്നു 

പാമരം പോയൊരു തോണി പോലെ
പൊട്ടിയ പമ്പരമെന്ന പോലെ 
അലയുന്നു ഞാനിന്നീ മരുഭൂമിയില്‍
കടിഞ്ഞാണില്ലാത്ത അശ്വമായ് 

ഒരുവേള എന്‍മനം പതറിയപ്പോള്‍ 
ഓര്‍ത്തല്ലോ അനശ്വരനായിടുവാന്‍
അതിനുള്ള വഴി തേടിയലഞ്ഞിടുമ്പോള്‍ 
അരികിലായ് നില്‍ക്കുന്നു സോമരസം 

മധുപാനം ചെയ്യുന്ന വണ്ട് പോലെ 
മഴവില്ലിലാടുന്ന മയിലു പോലെ
മനസിലെ നൊമ്പരം മറച്ചീടുവാന്‍ 
ആ മധുപാത്രത്തില്‍ ഞാനലിഞ്ഞുവല്ലോ

നശ്വരമായൊരു മുക്തി തേടി 
നാശത്തിന്‍ പാതെ ചരിച്ചിടുമ്പോള്‍
അരികിലായെത്തുന്നു യേശുനാഥന്‍ 
അറിയുന്നു ഞാനന്നാ പരമസത്യം

സന്തോഷ സന്താപം  മിന്നി നില്‍ക്കും 
സമീക്ഷയാണീ ജീവിതങ്ങള്‍ 
വരദാനം കിട്ടിയ ജീവിതമോ 
വെറുതെ കളയുവാന്‍ നാം അര്‍ഹരല്ല.

 ജോഷി പുലിക്കൂട്ടില്‍ 
copyright©joshypulikootil