Friday, October 5, 2018

നിരാശയിലെ പ്രത്യാശ

നിരാശയിലെ പ്രത്യാശ
...................................

പാരിടം വിട്ടു നീയിരുളിൽ മറയുമ്പോൾ
പ്രാണനാമെന്നെ മറക്കുമോ നീ
ഇക്കാലമത്രയും കണ്ട കനവുകൾ
ഇനിയുള്ള ജീവിതമോർക്കുമോ നീ
ആരിലും മോഹം ജനിപ്പിക്കും നമ്മുടെ
ആർദ്രമാം സ്നേഹം അലയടിക്കും
എന്റെ മനസിന്റെ ഒരോ തനുവിലും
എന്നുമീയനുരാഗം ചിറകടിക്കും
അർബ്ബുദമെന്നൊരു ക്രൂരമാം രോഗം
ആരെയും തോൽപ്പിക്കും പോരാളിയായ്
എന്നെയും നിന്നെയും രണ്ടാക്കി മാറ്റി
യന്നെന്റെ ജീവിതം ഇരുളിൽ മറഞ്ഞു
ഇനിയുള്ള ജീവിതമാർക്കെന്നുവേണ്ടി
യെന്നുള്ള ചോദ്യമുയർത്തിടുമ്പോൾ
നിന്നുടെ മോഹം പൂർത്തിയാക്കീടുവാൻ
എന്നുള്ള പ്രത്യാശയെന്നെ നയിച്ചിടും


ജോഷി പുലിക്കൂട്ടിൽ
copyright©joshypulikootil

Saturday, September 15, 2018

യാത്രാ മൊഴി 


ആറടി മണ്ണിന്റെ ആർദ്രതയിൽ
ഈറനാം കണ്ണീരിൻ ഉപ്പുമായി
ആരും കൊതിക്കാത്ത മണ്ണറയിൽ
ആരോരുമില്ലാതെ ഞാൻ കിടന്നു

കിളികൾ തൻ കളകളം പോയ് മറഞ്ഞു
പത്രവും വാർത്തയുമന്യമായി
ചരമക്കോളത്തിന്റെ അടിയിലായി
ഇന്നെന്റെ ചിത്രവും അടിച്ചു വന്നു

ക്രൂശിതരൂപം കയ്യിലേന്തി
കണ്ണീരും തേങ്ങലും  പിന്നണിയായ്
കുന്തിരിക്കത്തിന്റെ പുകച്ചുരുളിൽ
ക്രൂരമാമിരുളുമായ് ചേർന്നു ഞാനും

ഓർത്തതും കൊതിച്ചതും വെറുതെയായ്
ഓർമ്മകലെനിക്കിന്നു അന്യമായി
ഒരു നാളും  മടങ്ങാത്ത യാത്രക്കായി
ഒരു പിടി മണ്ണ് വിതറി നിങ്ങൾ

ഇനിയില്ല വരുകില്ല സോദരരേ
ഈ നല്ല ഭൂമിയിൽ ഒരു നാളിലും
ഓർമ്മകൾ മായുന്ന വേള വരും
ഒരു  ഛായാ ചിത്രത്തിൽ ഞാനൊതുങ്ങും

ഓർക്കുക സോദരാ നിങ്ങളിന്ന്
ഈ ജന്മം ചെയ്തിടും നന്മകള്
ഓർത്തിടും ഈ നാടിൻ അന്ത്യം വരെ
നീ മരിച്ചാലും ജീവിച്ചീടും
ആ നല്ല നന്മകൾ നിന്നിലൂടെ .

                 ജോഷി  പുലിക്കൂട്ടിൽ 
                  copyright©joshypulikootil

Friday, September 14, 2018

കുരിശു യാത്ര

കുരിശു യാത്ര  


ഇടതു തോളിൽ കുരിശുമായ്
നീങ്ങും ലോകേശാ....
മനം നുറുങ്ങും വേദന പേറി
വരുന്നു ഞങ്ങളിതാ.....
വരുന്നു ഞങ്ങളിതാ

കുരിശിൽ മൂന്നാണി മുനയിൽ
അഞ്ചിന്ദ്രിയങ്ങളും പുകയുമ്പോൾ
തന്നോടീച്ചതി ചെയ്തവരോടു നീ
സ്നേഹം തൂകിയല്ലോ......
സ്നേഹം തൂകിയല്ലോ

മാതാവ് കുരിശിന്റെ കീഴിൽ
കണ്ണീരുമായ് വന്ന് നില്ക്കുമ്പോൾ
സ്വാന്തനമേകും വാക്കുകൾ കൊണ്ടു നീ
ആശ്വാസമേകിയില്ലേ......
നീ ആശ്വാസമേകിയില്ലേ


ജോഷി പുലിക്കൂട്ടിൽ
copyright©joshypulikootil


Wednesday, March 14, 2018

കനവിന്റെ കനവുകൾ


മറക്കാതിരിക്കുവാനാവില്ലെന്നറിയാതെ
പിരിയുന്ന ഹൃദയങ്ങൾ കരയുന്നുവോ
കനവുകളൊക്കെയും കനലായെരിയുമ്പോൾ 
കരയാതിരിക്കുന്നതെങ്ങനെ ഞാൻ

ഓർമ്മകളൊക്കെയും കേഴുമീ ഹൃദയത്തിൽ
ഓളങ്ങളായിന്നു തിരതല്ലുമ്പോൾ
ഓർക്കുന്നു ഞാനാ നിമിഷങ്ങളൊക്കെയും
ഒരുനാളും ലഭിക്കില്ലെന്നറിയുമ്പോഴും

മുകിലൊന്നു കറക്കുമ്പോൾ മതിമറന്നാടുന്ന
മയിലിന്റെ മനസിന്റെ പരിഛേദം പോൽ
മറ്റാരുമില്ലാതിരിക്കുന്ന നേരത്തു ഞാനെന്റെ
ചിറകറ്റ സ്വപ്‌നങ്ങൾ ചേർത്തു വയ്ക്കും

വിരഹത്തിൻ വേദനയറിയാത്ത ഹൃദയങ്ങൾ
പിരിയുന്ന നിമിഷത്തെ ശപിക്കുമ്പോഴും
ഒരുനാളിൽ നീ വീണ്ടും വരുമെന്നൊരാശയാൽ
മരിക്കാതെ മറക്കാതെ പോകുന്നു ഞാൻ
മരുഭൂവിൽ മരുപ്പച്ച തേടിടുന്നു


ജോഷി പുലിക്കൂട്ടിൽ
copyright©joshypulikootil

Thursday, March 1, 2018

പിൻവിളി

                             
ഇന്നീ ഭൂമിയിലെന്നെ തനിച്ചാക്കി
നീ പോയ നേരം തനിച്ചിരിക്കുമ്പോൾ
നീ നട്ട മുല്ല തളിർത്തുവല്ലോയതിൻ
നറുമണമെങ്ങും പരന്നിടുന്നു
മകരമാസത്തിന്റെ മഞ്ഞിൻ കണങ്ങളാൽ
ഞെട്ടറ്റു വീണൊരാപൂക്കളെല്ലാം
പെറുക്കിയെടുത്തു കൊരുത്തൊരാ
മമ ചിത്ര മുമ്പിൽ സുഗന്ധമേകും

ഒരുവേളയെന്നെ പിൻവിളിക്കുന്നുവോ
ആ നല്ലയോർമ്മതൻ വസന്തകാലം
പൂക്കളിറുത്തതും പൂക്കളം തീർത്തതും
കോടിയുടുത്തു നീ കോലം വരച്ചതും

തോളത്തുകരയുന്ന കുഞ്ഞുമായിയന്നു നീ
പാടവരമ്പേ നടന്ന നേരം
കാർമേഘം മൂടി മാനം നിനക്കായ്
കരിനിഴൽ വീഴ്ത്തിയതോർമ്മയുണ്ടോ

മഴ പെയ്ത നേരത്തു സാരിതലപ്പിനാൽ
കുഞ്ഞിനെ മൂടി നീയോടിയല്ലോ
ഈറനണിഞ്ഞു നീ ഉമ്മറത്തെത്തുമ്പോൾ
ഈരിഴ തോർത്തുമായ് ഞാനിരിപ്പൂ

ഈരിഴത്തോർത്തുമായിന്നിതാ
ഞാനിന്ന് ഈറനാംമിഴികൾ തുടച്ചിടുന്നു
ഈ വഴിത്താരയിലേകനായിന്നിതാ
നിൻ ചിത്രം നോക്കി ഞാനിരുപ്പൂ...


                ജോഷി പുലിക്കൂട്ടിൽ
copyright©joshypulikootil

Friday, February 16, 2018

ഡിസംബറിന്റെ ബാക്കിപത്രം



ഡിസംബറിലെ തണുത്തുറഞ്ഞ ഒരു സായാഹ്നത്തിൽ വടക്കുപടിഞ്ഞാറേ ഇംഗ്ലണ്ടിലെ ഒരു കൊച്ചു പട്ടണത്തിലുള്ള നഴ്സിങ്ങ് ഹോമിൽ തന്റെ മുറിയുടെ ജാലക വാതിലിലൂടെ മധ്യവയസിന്റെ അവസാന ഘട്ടത്തിലെത്തിയ ജോസൂട്ടി ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു. കറുത്ത മേഘങ്ങൾ കാറ്റിനൊത്തു നീങ്ങുമ്പോൾ തന്റെ കൺമുമ്പിലെ നക്ഷത്രങ്ങൾ മായുകയും വീണ്ടും തെളിയുകയും, ചെയ്യുന്നതു കണ്ട് ,ചലനശേഷി നഷ്ടപ്പെട്ട തന്റെ ശരീരവുമായി ജോസൂട്ടി പഴയ കാല ഓർമ്മകളിലേക്ക് അറിയാതെ തിരിച്ചു നടന്നു. ഈ താരകങ്ങളുടെ അവസ്ഥ പോലെ തന്നെയല്ലേ തന്റെ ജീവിതവും?? ഇടയ്ക്കിടെ തെളിയുകയും പിന്നീട് ഇരുളുകയും ചെയ്ത ഒരു ജീവിതത്തിന്റെ ഉടമയല്ലേ താനും? അപ്പോൾ മനുഷ്യർ നന്മ ചെയ്തു മരിച്ചാൽ മാലാഖാമാരോടൊത്തു നക്ഷത്രങ്ങളായി മാറുമെന്ന് കുഞ്ഞുന്നാളിൽ അമ്മ പഠിപ്പിച്ച കഥ ശരിയായിരിക്കുമോ?? ജോസൂട്ടി വീണ്ടും ഓർമ്മകളിലേക്ക് മടങ്ങി.
പ്രകൃതി മനോഹരമായ ,ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ എല്ലാ സാന്ദര്യവും ഉൾക്കൊണ്ട ഒരു മലയോര ഗ്രാമത്തിലായിരുന്നു ജോസൂട്ടിയുടെ ജനനം. മാതാവിന്റെ പേരിലുള്ള മനോഹരമായ പള്ളിയും ,പളളി വക സ്കൂളും , പാപ്പൻ ചേട്ടന്റെ പലചരക്ക് പീടികയും മലഞ്ചെരുവിലെ വൃക്ഷങ്ങൾക്കിടയിലൂടെ ചൂളമടിച്ചു വരുന്ന ധനുമാസക്കാറ്റും ഒക്കെ ഓർമ്മയിൽ ഇന്നലെ എന്നതു പോലെ ജോസൂട്ടിയുടെ മനസിൽ തെളിഞ്ഞു വന്നു.
അമ്മയുടെ കൈ പിടിച്ച് പള്ളിവക സ്കൂളിലേക്ക് കരഞ്ഞു കൊണ്ട് പോയതും കരച്ചിൽ നിർത്തുവാനായി പാപ്പൻ ചേട്ടന്റെ പീടികയിൽ നിന്ന് അമ്മ നാരങ്ങാ മിഠായി വാങ്ങിത്തന്നതും അങ്ങനെ പിന്നീടങ്ങോട്ട് എല്ലാ ദിവസവും നാരങ്ങാ മിഠായി പഠനത്തിന്റെ ഭാഗമായി മാറിയതും ഒക്കെ ജോസൂട്ടിയുടെ ആർദ്രമായ കണ്ണുകളിൽ തിളക്കം വരുത്തി. ഗ്രാമത്തിൽ തന്നെയുള്ള ഹൈസ്കൂൾ വിദ്യാഭ്യാസ ശേഷം പട്ടണത്തിലെ കോളേജിൽ ചേർന്ന് പഠിച്ചതും ,സ്വസമുദായത്തിൽ പെട്ട തന്നെ വേണം വിവാഹം കഴിക്കാൻ എന്ന അപ്പച്ചന്റെ വാശി മൂലം ജോബ് ആൻഡ് ബ്രൈഡ് ഗാരന്റീഡ് കോഴ്‌സ് ആയ നഴ്സിങ്ങിന് ചേർന്നതും ഒക്കെ ഒരു ഫ്ലാഷ് ബാക്ക് പോലെ ആ ജാലകത്തിലൂടെ ജോസൂട്ടി നോക്കി കണ്ടു.
ഇടവക വികാരിയച്ചൻ തന്റെ ചാർച്ചയിലുള്ള സാറാ എന്ന ഇംഗ്ലണ്ടിൽ നഴ്സായി ജോലി ചെയ്യുന്ന പെൺകുട്ടിയുടെ ആലോചനയുമായി അപ്പച്ചനെ കാണാൻ വന്നപ്പോളാണ് നഴ്സിങ്ങ് മഹത്തായ ഡിഗ്രി ഒന്നുമല്ലെങ്കിലും ക്രിസ്തീയ കല്ലാണ മാർക്കറ്റിൽ അതിന് ഇത്രയേറെ വിലയുണ്ടെന്ന് ജോസൂട്ടിക്ക് ബോധ്യപെട്ടത്. റബ്ബർ ഷീറ്റിന്റെയും എലത്തിന്റെയും കണക്കുകളിലൂടെ മാത്രം സഞ്ചരിച്ചിരുന്ന അപ്പച്ചന് ഇംഗ്ലണ്ടിലെ ഒരു പൗണ്ട് 70 ഇന്ത്യൻ രൂപ ആണെന്ന് വികാരി അച്ചൻ പറഞ്ഞു കേട്ടപ്പോഴേ തന്റെ അനുവാദം പോലും കാക്കാതെ അപ്പച്ചൻ കല്ലാണത്തിന് വാക്കു കൊടുത്തു.എന്തായാലും അവധിക്ക് വന്ന സാറായെ താൻ വിവാഹം കഴിച്ചു. മാതാവിന്റ രൂപത്തിന് മുന്നിൽ എന്നും ജപമാല ചൊല്ലിയ അമ്മയുടെ പ്രാർത്ഥന കൊണ്ടാകാം സാറാ നല്ലൊരു കുട്ടിയായത്. ഒരു മാസത്തെ അവധിക്ക് ശേഷം സാറാ തിരിച്ചു പോയി.
എകദേശം ആറ് മാസശേഷം വിസ ലഭിച്ച് താനും ഇംഗ്ലണ്ടിലെത്തി. താനും സാറായും ഒരു നഴ്സിങ്ങ് ഹോമിലായിരുന്നു ജോലി ചെയ്തു തുടങ്ങിയത്. പിന്നീട് NHS എന്ന ഗവൺമെന്റ് പ്രസ്ഥാനത്തിന്റെ ആകർഷകമായ പെൻഷൻ ആനുകൂല്യങ്ങളിൽ മയങ്ങിയ രണ്ടു പേരും NHS ന്റെ ജോലിക്കാരായി മാറി. കുടിയേറ്റത്തിന്റെ പാരമ്പര്യം സിരകളിൽ ഉണ്ടായതു മൂലമാകാം പിന്നീടുള്ള വർഷങ്ങൾ വെട്ടിപ്പിടുത്തത്തിന്റേതായിരുന്നു.
ഇതിനിടയിൽ ഡോണയും ചാക്കോച്ചിയും കൂടി തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ഡോണയുടെ ജനനം സാറായുടെ അമ്മച്ചിക്ക് ആഹ്ളാദത്തിന്റേത് ആയിരുന്നെങ്കിൽ ചാക്കോച്ചിയുടെ ജനനം തന്റെ അപ്പച്ചന് അഭിമാനത്തിന്റേതായിരുന്നു.. മക്കളുടെ പഠനം , ഏറി വരുന്ന ജീവിത ചെലവുകൾ, സാമുദായിക - സഭാ സംഘടനകളുടെ പിറവി, വാരാന്ത്യ പാർട്ടികൾ എന്നിങ്ങനെ നിത്യജീവിത ചിലവുകൾ കൂടിയപ്പോൾ ഓവർടൈം ജോലി എന്ന ബാധ്യത കൂടി ഏറ്റെടുക്കേണ്ടി വന്നു ജോസൂട്ടിക്ക്. ഉറ്റവരായ 4 കൂട്ടുകാർ ഉണ്ടായതു കൊണ്ട് വാരാന്ത്യങ്ങൾ ജോസൂട്ടിയും കൂട്ടുകാരും തകർത്താഘോഷിച്ചു
വന്നു. പാരമ്പര്യമായി ഈ തരത്തിലുള്ള ആഘോഷങ്ങൾ കണ്ടു വളർന്നതു കൊണ്ട് സാറായ്ക്കും മറ്റു പെണ്ണുങ്ങൾക്കും ഈ കൂടിച്ചേരലിൽ പരാതിയില്ലായിരുന്നു.
തങ്ങളുടെ സമ്പാദ്യം കൊണ്ട് വീടും മക്കളുടെ വിദ്യാഭ്യാസവും നടത്തി. ഇതിനിടയിൽ ഡോണയുടെ കല്യാണവും നടത്തി. വരൻ അമേരിക്കയിലാണ്. വിവാഹ ശേഷം ഡോണ അമേരിക്കയിലേക്ക് കുടിയേറി. വാരാന്ത്യങ്ങളിൽ സ്ക്കൈപ്പിലൂടെ മാത്രമായി ചുരുങ്ങി ഡോണയുമായുള്ള ബന്ധം. ചാക്കോച്ചിയാവട്ടെ തന്നെ പോലെ തന്നെ വെട്ടിപ്പിടിക്കാനുള്ള മനസുമായി പഠിച്ച് ബിസിനസ് മാനേജ്മെന്റിൽ ഉന്നത ബിരുദം നേടി. ഇന്ന് ലോകത്തിലെ തന്നെ അറിയപ്പെടുന്ന കമ്പനിയുടെ യൂറോപ്പ് സോൺ മാനേജരായി മാറിക്കഴിഞ്ഞു ചാക്കോച്ചി. വിവാഹം അത് ഇപ്പോൾ വേണ്ട, തനിക്ക് കരിയറാണ് വലുത് എന്ന് കാരണം പറഞ്ഞു കൊണ്ട് ചാക്കോച്ചി സാറാ പറയുന്ന വിവാഹാലോചനകൾ എല്ലാം തള്ളിക്കളയുകയായിരുന്നു. മാസത്തിൽ ഒന്നു പോലും വീട്ടിലെത്താൻ സമയമില്ലാത്തത്ര തിരക്കുമായി യൂറോപ്പ് മുഴുവൻ പറന്ന് നടന്ന് ജോലി ചെയ്യുന്ന ചാക്കോച്ചിക്ക് തന്റെ ഐപാഡിലൂടെ ആയി ചുരുങ്ങി ലോകവുമുള്ള ബന്ധം. ഡോണയുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം സാറായെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചിരുന്നത്. തനിക്കും വിഷമം ഉണ്ടായിരുന്നെങ്കിലും പുറമേ കാണിച്ചിരുന്നില്ല. ഡോണയായിരുന്നു എന്നും തങ്ങളെ സ്നേഹിക്കാൻ മത്സരിച്ചിരുന്നത്. NHS ന്റെ പെൻഷൻ ആനുകൂല്യങ്ങൾ മനസിൽ കണക്കു കൂട്ടി സ്വപ്നം കണ്ട് NHS ൽ ചേർന്ന തനിക്ക് മാറി മാറി വരുന്ന ഗവൺമെന്റുകൾ പെൻഷൻ പ്രായം ഉയർത്തിയതു മൂലം 64 ലും റിട്ടയർ ചെയ്യാൻ സാധിക്കാതെ ഇരിക്കുന്ന അവസരത്തിലാണ് ഇടിത്തീ പോലെ അത് സംഭവിച്ചത്.
ഒരു ശനിയാഴ്ച രാത്രി പഴയ സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച ശേഷം ഉറങ്ങിയ തനിക്ക് രാവിലെ ശരീരം അനക്കുവാൻ സാധിച്ചില്ല. സാറാ ഉടനെ തന്നെ ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇനി ഈ ശരീരം ചലിക്കില്ല എന്ന നിരാശാ പൂർണ്ണമായ മറുപടി തന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചു. ഏതാനും മാസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും സാറായെ കൊണ്ട് തന്റെ ദിനചര്യകൾ പൂർത്തിയാക്കുവാൻ ആവില്ലായിരുന്നു. ആയതു മൂലം അവൾ ചാക്കോച്ചിയോട് ജോലി രാജി വച്ച് ഇവിടെ അടുത്ത് എവിടെ എങ്കിലും ജോലിക്ക് കയറാനായി പറഞ്ഞെങ്കിലും പുത്തൻ തലമുറയുടെ പ്രതിനിധിയായ ചാക്കോച്ചി അതിന് വഴങ്ങിയില്ല, പകരം അവൻ കണ്ടു പിടിച്ച പരിഹാരമായിരുന്നു തന്നെ ഒരു നഴ്സിങ്ങ് ഹോമിലേക്ക് മാറ്റുക എന്നത്. ആരോഗ്യ പ്രശ്നങ്ങൾ മുലം സാറാക്ക് മനസില്ലാ മനസോടെ ചാക്കോച്ചിയുടെ തീരുമാനത്തെ തുണയ്ക്കാതെ നിവൃത്തിയില്ലാതയി.
35 വർഷങ്ങൾക്ക് ശേഷം സാറായില്ലാതെ കഴിയുക എന്നത് ശരീരത്തോടൊപ്പം തന്റെ മനസിനെയും തളർത്തിയതായി ജോസൂട്ടി തിരിച്ചറിഞ്ഞു. ചാക്കോച്ചിക്ക് തിരക്കായതിനാൽ സാറായുടെ കാര്യങ്ങളും മുടങ്ങുമല്ലോ എന്ന ആശങ്കയും ജോസൂട്ടിയെ തളർത്തി. വിവരം അറിഞ്ഞ് ഡോണ അമേരിക്കയിൽ നിന്ന് 2 ആഴ്ചത്തേക്ക് വന്നത് സാറാക്ക് ഒരു ആശ്വാസമായി ,എങ്കിലും മക്കളെ വിട്ട് നിൽക്കാൻ ആവത്തതിനാൽ ഡോണ മടങ്ങിേ പോയി. എങ്കിലും വാരാന്ത്യങ്ങളിൽ അവൾ ഫോൺ വിളിക്കാറുണ്ടെന്ന് സാറാ തന്നെ കാണാൻ വന്നപ്പോൾ പറഞ്ഞു. എല്ലാവരും പറയുന്നത് തനിക്ക് കേൾക്കാമെന്നതു കൊണ്ട് ഡോണയുടെ ഫോൺ വരുമ്പോൾ നഴ്സുമാർ സ്പീക്കറിൽ ഇട്ട് തനിക്ക് കേൾപ്പിച്ച് തരും. പണ്ട് ഇതുപോലെ താനും ജോലി ചെയ്തിരുന്ന നഴ്സിങ്ങ് ഹോമിൽ പലർക്കും ഇതു പോലെ ഫോൺ പിടിച്ചു കൊടുത്തത് ജോസൂട്ടി യുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു.
ഇനി ക്രിസ്തുമസിന് ഏതാനും ദിവസങ്ങളേ ഉള്ളൂ എന്ന് പരിചരിക്കുന്ന നഴ്സുമാർ തമ്മിൽ പറയുന്നതു കേട്ടു. തളർന്ന് പോയതു കൊണ്ട് സംസാരിക്കാനും സാധിക്കുന്നില്ല. സാറായെയും ഡോണയെയും ചാക്കോച്ചിയെയും ഒന്നിച്ച് കാണണമെന്ന് മനസിൽ ആഗ്രഹമുണ്ട്. ഏതാനും ദിവസങ്ങളായി സാറായെ കാണുന്നില്ല. ദൈവമേ ആരോടും ചോദിക്കാനും സാധിക്കുന്നില്ലല്ലോ . അപ്പോഴാണ് ദൈവഹിതം പോലെ നഴ്സ് പറഞ്ഞത് സാറാ പനി പിടിച്ച് കിടപ്പിലാണെന്നും അതു കൊണ്ടാണ് വരാത്തതെന്നും. ഈ വാർത്ത ജോസൂട്ടിയിൽ ആശങ്കയുടെ കാർമേഘങ്ങൾ വീഴ്ത്തി. ചാക്കോച്ചിയും ഡോണയും ഇവിടെ ഇല്ല, തനിക്കാണെങ്കിലോ പരാശ്രയമുണ്ടെങ്കിൽ കൂടി സാറായെ സഹായിക്കാൻ സാധിക്കില്ല. മനസിൽ വേദന കൂടുന്നു. കണ്ണുകൾ ഇറുക്കിയടച്ച് മനസിൽ നന്മ നിറഞ്ഞ മറിയം ചൊല്ലി. ഇല്ലാ.. ഹൃദയത്തിന് ആശ്വാസം ലഭിക്കുന്നില്ല. ജോസൂട്ടി ഉറങ്ങി പോയി .... നിത്യതയുടെ ഉറക്കത്തിലേക്ക്....... ഈ സമയം ഡോണയുടെ ഫോണുമായി നഴ്സ് മുറിയിലേക്ക് കടന്നു വന്നു.. ജോസൂട്ടിയുടെ കൈയിൽ പിടിച്ച ശേഷം ആ നഴ്സ് ഫോണിലൂടെ ഡോണയോടു പറഞ്ഞു. " ഹി ഈസ് നോ മോർ " അച്ചാച്ചാ എന്ന് അലറി നിലവിളിക്കുന്ന ഡോണയുടെ സ്വരം ജോസൂട്ടിയുടെ മരവിച്ച ചെവികളിൽ പതിയാതെ പോയി. ആർക്കോ വേണ്ടി ജീവിച്ചു തീർത്ത ജോസൂട്ടിയുടെ നഷ്ട സ്വപ്നങ്ങൾ ഇപ്പോഴും ബാക്കി.. ഡിസംബറിന്റെ ബാക്കിപത്രം
ജോഷി പുലിക്കൂട്ടിൽ


joshy pulikootil
copyright©joshypulikootil

തളിരിട്ട സ്വപ്നങ്ങൾ


കുളിർ തൂകി നിന്നൊരാ ധനുമാസത്തിൽ
കരളിൻ്റെയുള്ളിൽ നീ പറന്നിറങ്ങി 
തളിരിട്ട സ്വപ്‌നങ്ങൾ താരാട്ടു പാടി നീ
കരളിൻ്റെയുള്ളം പകുത്തെടുത്തു
ജാലകമീതെയാ താരകങ്ങൾ
ആലോലമാകാറ്റിൽ ഉലഞ്ഞിരുന്നോ
മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം
അന്നാദ്യമായി ഞാൻ വെറുത്തുവല്ലോ

ആ രാവുതീരാതിരിക്കുവാനായി
ആരതി നേർന്നു നീ യോർമ്മയില്ലേ
അമ്പലപ്പറമ്പിലെ ശംഖോലിയിൽ
അന്നു നാം ഞെട്ടിയെണീറ്റുവല്ലോ
ആലിലത്താലിയും സിന്ദൂരവും
ആ മന്ദഹാസവും നിർവൃതിയും
ഓരോ തനുവിലും കുളിരേകി നീ
ഈറനുടുത്തന്നു ചേർന്നു നിന്നു

ജോഷി പുലിക്കൂട്ടിൽ
copyright©joshypulikootil