Wednesday, March 14, 2018

കനവിന്റെ കനവുകൾ


മറക്കാതിരിക്കുവാനാവില്ലെന്നറിയാതെ
പിരിയുന്ന ഹൃദയങ്ങൾ കരയുന്നുവോ
കനവുകളൊക്കെയും കനലായെരിയുമ്പോൾ 
കരയാതിരിക്കുന്നതെങ്ങനെ ഞാൻ

ഓർമ്മകളൊക്കെയും കേഴുമീ ഹൃദയത്തിൽ
ഓളങ്ങളായിന്നു തിരതല്ലുമ്പോൾ
ഓർക്കുന്നു ഞാനാ നിമിഷങ്ങളൊക്കെയും
ഒരുനാളും ലഭിക്കില്ലെന്നറിയുമ്പോഴും

മുകിലൊന്നു കറക്കുമ്പോൾ മതിമറന്നാടുന്ന
മയിലിന്റെ മനസിന്റെ പരിഛേദം പോൽ
മറ്റാരുമില്ലാതിരിക്കുന്ന നേരത്തു ഞാനെന്റെ
ചിറകറ്റ സ്വപ്‌നങ്ങൾ ചേർത്തു വയ്ക്കും

വിരഹത്തിൻ വേദനയറിയാത്ത ഹൃദയങ്ങൾ
പിരിയുന്ന നിമിഷത്തെ ശപിക്കുമ്പോഴും
ഒരുനാളിൽ നീ വീണ്ടും വരുമെന്നൊരാശയാൽ
മരിക്കാതെ മറക്കാതെ പോകുന്നു ഞാൻ
മരുഭൂവിൽ മരുപ്പച്ച തേടിടുന്നു


ജോഷി പുലിക്കൂട്ടിൽ
copyright©joshypulikootil

Thursday, March 1, 2018

പിൻവിളി

                             
ഇന്നീ ഭൂമിയിലെന്നെ തനിച്ചാക്കി
നീ പോയ നേരം തനിച്ചിരിക്കുമ്പോൾ
നീ നട്ട മുല്ല തളിർത്തുവല്ലോയതിൻ
നറുമണമെങ്ങും പരന്നിടുന്നു
മകരമാസത്തിന്റെ മഞ്ഞിൻ കണങ്ങളാൽ
ഞെട്ടറ്റു വീണൊരാപൂക്കളെല്ലാം
പെറുക്കിയെടുത്തു കൊരുത്തൊരാ
മമ ചിത്ര മുമ്പിൽ സുഗന്ധമേകും

ഒരുവേളയെന്നെ പിൻവിളിക്കുന്നുവോ
ആ നല്ലയോർമ്മതൻ വസന്തകാലം
പൂക്കളിറുത്തതും പൂക്കളം തീർത്തതും
കോടിയുടുത്തു നീ കോലം വരച്ചതും

തോളത്തുകരയുന്ന കുഞ്ഞുമായിയന്നു നീ
പാടവരമ്പേ നടന്ന നേരം
കാർമേഘം മൂടി മാനം നിനക്കായ്
കരിനിഴൽ വീഴ്ത്തിയതോർമ്മയുണ്ടോ

മഴ പെയ്ത നേരത്തു സാരിതലപ്പിനാൽ
കുഞ്ഞിനെ മൂടി നീയോടിയല്ലോ
ഈറനണിഞ്ഞു നീ ഉമ്മറത്തെത്തുമ്പോൾ
ഈരിഴ തോർത്തുമായ് ഞാനിരിപ്പൂ

ഈരിഴത്തോർത്തുമായിന്നിതാ
ഞാനിന്ന് ഈറനാംമിഴികൾ തുടച്ചിടുന്നു
ഈ വഴിത്താരയിലേകനായിന്നിതാ
നിൻ ചിത്രം നോക്കി ഞാനിരുപ്പൂ...


                ജോഷി പുലിക്കൂട്ടിൽ
copyright©joshypulikootil