Tuesday, May 21, 2013

തെറ്റിന്റെ ശരി

തെറ്റിന്റെ ശരി





അമ്മ തൻ നെഞ്ചിൻ നേരിപ്പോടിനുള്ളിലെ
ചൂടേറ്റു ഞാനന്നുറങ്ങി
കത്തും വിശപ്പിന്റെ ചൂടിനാലമ്മ തൻ
നെഞ്ചന്നു നീറി പുകഞ്ഞിരുന്നു

കോരിച്ചൊരിയുന്ന പേമാരിയും പിന്നെ
കൂടെ മുഴങ്ങുന്ന ശബ്ദ ഘോഷങ്ങളും ..
മാറത്തു ചേർത്തു പിടിച്ചൊരാ മാതാവിൻ
മാറാപ്പിനുള്ളിൽ ഞാൻ ഉറങ്ങിയല്ലോ

ഒരു ചാണ്‍ വയറിന്റെ പശിയോന്നടക്കുവാൻ
ഒരു നേരം തന്നെ വില്ക്കുന്ന സ്ത്രീത്വം
കത്തുന്ന വയറിന്റെ തീയൊന്നണയ്ക്കുവാൻ
ഉടുമുണ്ടഴിക്കുന്ന തെരുവിന്റെ മക്കളോ

കത്തുന്ന കാമത്തിൻ കനലൊന്നണയ്ക്കുവാൻ
കണവനെ മറക്കുന്ന കൊച്ചമ്മമാരോ
ഏതാണ് തെറ്റെന്നറിഞ്ഞു കൊണ്ടും
തെറ്റിനെ ചുമക്കുന്നു മാലോകരെല്ലാം

വേറിട്ട ജന്മങ്ങൾ കണ്ടു കൊണ്ടന്നങ്ങ്
വെറുതെ നടന്നു ഞാൻ ബാലികയായ്
കൌമാരം പിന്നിട്ടയെന്നെ ഉഴിയുന്നു
കാമം തുളുമ്പുന്ന കണ്ണുകളാൽ

തെരുവിന്റെ സന്തതി എന്നൊരാ പേരിലായ്
തെണ്ടിയായ് കാണും വരേണ്യ വർഗങ്ങളും
പിന്നിട്ട കാലത്തിൻ കാലൊച്ച കേൾക്കാതെ
എന്നെ മറയ്ക്കുന്ന എന്റെ സൗന്ദര്യവും ..

എല്ലാമെനിക്കന്നു നല്കീ ലോകത്തിൽ
ആരും കൊതിച്ചിടും ജീവ സൌഭാഗ്യങ്ങൾ
മണ്ണിൻ മടിയിലെ നേരിപ്പോടിനുള്ളിൽ ഞാൻ
എല്ലാമുപേക്ഷിച്ചു പോകുന്ന നേരത്തും

ഏതാണ് ശരിയെന്നറിയാതെയെന്നും
തെറ്റിനെ ശരിയാക്കും മാനവവർഗമേ
ശരിയേതു തെറ്റെന്നറിയാതെ ഞാനിതാ
പോകുന്നു മണ്ണിൻ നേരിപ്പോടിന്നുള്ളിലായ് ......

ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil