Saturday, June 3, 2023


ആർദ്രമാം മണ്ണിൽ  
ആകാശമിരുളുന്ന നേരത്തു ഞാനിന്നു 
മാലാഖമാരെ കണ്ടൂ 
അവസാനമായൊന്നു വിട ചൊല്ലുവാനായ് 
അന്ന് ഞാനേറെ കരഞ്ഞു 

അനുവാദമില്ലാ അവകാശമില്ലാ 
ഇനിയീ ജീവിത വഴിത്താരയിൽ 
അത് കേട്ട് ഞാനന്നു നിദ്ര പുൽകീടുമ്പോൾ 
അവസാനമാണെന്നറിഞ്ഞു 

പുലരിയിൽ കുയിലിന്റെ വിലെ കേട്ടുണരുവാൻ 
ഇനിയില്ലയെന്നുള്ള സത്യം 
അറിയുന്ന നേരം ആർദ്രമാം മണ്ണിന്റെ
നനവേറ്റു  ഞാനന്നുറങ്ങി

ഉയിർപ്പിൻ്റെ  വിളി യിൽ ഞാനാ ദിവസത്തിൽ 
കർത്താവിൻ  സന്നിധി ചേർന്നു 
ഞാനിന്നു നിൽക്കുന്നു വിദൂരമായ് നിങ്ങൾക്ക് 
കാഴ്ച്ച നൽകീടുന്ന താരകമായ് 


ജോഷി പുലിക്കൂട്ടിൽ 

Monday, February 22, 2021

നിരാശയിലെ പ്രത്യാശ
*********************************


നറുമഴ പെയ്തൊഴിഞ്ഞൊരാ പാടത്തിൻ
നടവരമ്പത്തിന്നരികിലൂടെ
നനവേറ്റ പുൽകൊടിയറിയാതെയന്നുനീ
പാദമൂന്നിയെന്നിലേക്കിത്തിയല്ലോ

കൗമാരസ്വപ്നങ്ങൾ പൂത്തുതളിർക്കുമാ
അമ്പലപറമ്പിലെ ആൽത്തറയിൽ
കൂട്ടുകാർ മുമ്പേ ഞാനാ രഹസ്യം
പറയതെയെന്നുള്ളിൽ മൂടിവച്ചു

നീലാംബരത്തിലെ മേഘങ്ങൾ പോലെ
സ്വപ്‌നങ്ങൾ വിതറി നീ പോയ്മറഞ്ഞു
അറിയാതെയെന്നുമാമോർമ്മകൾക്കപ്പുറം
ഒരുപാടു നേരം ഞാൻ ചിലവഴിച്ചു

പുഷ്‌പാഞ്‌ജലിക്കുള്ള നൈവേദ്യപുഷ്‌പങ്ങൾ
അർപ്പിച്ചു നീയന്നു മടങ്ങിടുമ്പോൾ
മനസിലെയാഗ്രഹം മനസ്സറിയിക്കുവാൻ
മുൻപേ ഞാനോടിയാ വഴിയിലെത്തി

കൈയിലെ കുറിമാനം മറ്റാരുമറിയാതെ
നിന്നുടെ കൈകളിലേക്കു നൽകി
മറുപടി കേൾക്കുവാൻ കാത്തുനിൽക്കാതെ
മറഞ്ഞു ഞാനോടിയാ നടവരമ്പിൽ

രാവിനും പകലിനും നീളമന്നേറിയോ
രാവിലോ ഞാനന്നുറങ്ങിയില്ലാ
തുളസിക്കതിരുമായി കുളിപ്പിന്നു കെട്ടിനീ
നിളയിലെയോളംപോൽ മനം നിറച്ചു

അത്തറിൻ മണമുള്ള മണിമാരൻ വന്നപ്പോൾ
അന്നു നീയെന്നെ മറന്നു പോയി
ആയിരംവട്ടം തുറക്കുവാൻ വെമ്പിയെൻ
മനസിലെയോർമ്മകൾ വിതുമ്പിയല്ലോ

ചില്ലുകൾ മുട്ടുമാ ശബ്ദവും ലഹരിതൻ
ചിന്തകൾ മായ്ക്കുമാ ചുരുളുമായ്
ഞാനിന്നലയുന്നു ധരണിയിൽ
അണയാത്ത ഹൃത്തിലെ തീയണയ്ക്കാൻ

വഴിയറിയാതിന്നു വഴിയേയൊഴുകുന്ന
പുഴപോലെയെന്മനമൊഴികിടുന്നു
ഗതിതേടിയിന്നുമലഞ്ഞിടുന്നു
സ്വപ്‌നങ്ങൾ തേടിയലഞ്ഞിടുന്നു


ജോഷി പുലിക്കൂട്ടിൽ
  copyright©joshypulikootil

Monday, January 4, 2021

അശ്രുപൂക്കൾ.... അനിൽ പനച്ചൂരാൻ

 
സ്നേഹിതനുമപ്പുറം
മനസിലുള്ള നീയിനി
മഞ്ഞുതുള്ളി പോലെയിന്ന
ലിഞ്ഞലിഞ്ഞു പോകവേ

കണ്ണുനീരിൽ കുതിർന്നുവെൻ്റെ
കണ്ഠമിന്നിടറിടുമ്പോൾ
കരളിലെന്നും നൊമ്പരത്തിൻ
കാറ്റു വീശി പോയി നീ

നൊമ്പരങ്ങൾ വരികളായ്
നീ കുറിച്ച കവിതകൾ
നെഞ്ചകത്തിലേറ്റിയി
ന്നായിരങ്ങൾ മൂളവേ

ക്ഷിപ്രമായ ജീവിതത്ത
നപ്പുറം തിരഞ്ഞു നീ
പോയിടുന്നു സ്നേഹിതാ
കോവിഡെന്ന പേരിനാൽ

നീ തിരഞ്ഞു കണ്ടറിഞ്ഞ
സത്യവും തേടി ഞാൻ
നിൻ പുറകെയെത്തിടാം
നിത്യമാം കൂട്ടിനായ്


ജോഷി പുലിക്കൂട്ടിൽ

Sunday, February 2, 2020

കാത്തിരിപ്പ്


Joshy pulikootil

Sunday, August 11, 2019

താരക സ്വപ്നങ്ങൾ
താരകങ്ങൾ പുഞ്ചിരിക്കും ഈ നനുത്ത രാത്രിയിൽ
നീ തനിച്ചിരുന്നതോർത്തു കേണിടുന്നു ഞാനിതാ
ഓർമ്മകൾക്കു മീതെയെന്റെ കമ്പളം വിരിക്കിലും
ഓർത്തുപോകുമെന്നുമാ പോയകാലജീവിതം

നിന്റെ  നെഞ്ചിനുള്ളിലെന്റെ  നനുനനുത്തയോർമ്മകൾ
ഈറനായി വിറങ്ങലായി മങ്ങി മങ്ങി പോകവേ
മഞ്ഞുരുകും മാമലയിൽ താരകം വിരിയവേ
മഞ്ഞണിഞ്ഞ മാനസത്തിൽ ഓർമ്മകൾ മരിക്കവേ
കണ്ണുനീരിലിന്റെയുള്ളം  നീറിനീറി പുകയവേ
കണ്ണിമയിൽ നിന്റെ മുഖം അന്നുമിന്നുമോർക്കവേ

താരകങ്ങൾ സ്വന്തമാക്കാനാർത്തി പൂണ്ട മേഘം പോൽ
ശാരികേ നിനക്ക് വേണ്ടി കാത്തിരിപ്പൂ ഞാനിതാ
മാരിവില്ലു കണ്ടു നൃത്തമാടിടുന്ന മയിലുപോൽ
മാനസത്തിൽ നിന്നെയോർത്തു മധു നുകരുന്നിന്നു ഞാൻ

                                               ജോഷി  പുലിക്കൂട്ടിൽ 
                                                copyright©joshypulikootil

Wednesday, June 26, 2019

Friday, October 5, 2018

നിരാശയിലെ പ്രത്യാശ

നിരാശയിലെ പ്രത്യാശ
...................................

പാരിടം വിട്ടു നീയിരുളിൽ മറയുമ്പോൾ
പ്രാണനാമെന്നെ മറക്കുമോ നീ
ഇക്കാലമത്രയും കണ്ട കനവുകൾ
ഇനിയുള്ള ജീവിതമോർക്കുമോ നീ
ആരിലും മോഹം ജനിപ്പിക്കും നമ്മുടെ
ആർദ്രമാം സ്നേഹം അലയടിക്കും
എന്റെ മനസിന്റെ ഒരോ തനുവിലും
എന്നുമീയനുരാഗം ചിറകടിക്കും
അർബ്ബുദമെന്നൊരു ക്രൂരമാം രോഗം
ആരെയും തോൽപ്പിക്കും പോരാളിയായ്
എന്നെയും നിന്നെയും രണ്ടാക്കി മാറ്റി
യന്നെന്റെ ജീവിതം ഇരുളിൽ മറഞ്ഞു
ഇനിയുള്ള ജീവിതമാർക്കെന്നുവേണ്ടി
യെന്നുള്ള ചോദ്യമുയർത്തിടുമ്പോൾ
നിന്നുടെ മോഹം പൂർത്തിയാക്കീടുവാൻ
എന്നുള്ള പ്രത്യാശയെന്നെ നയിച്ചിടും


ജോഷി പുലിക്കൂട്ടിൽ
copyright©joshypulikootil