Monday, September 9, 2013

ഓണക്കാലം

 

 
ഓണക്കാലം

കുയിലേ കള്ളി പൂങ്കുയിലേ
ഓണം വന്നതറിഞ്ഞില്ലേ
തേന്മാവിൻ ചെറുചില്ലയിൽ നീ
എന്തേ ഇന്നും വന്നില്ലാ

അത്തം പിറന്നതറിഞ്ഞില്ലേ
തുമ്പികൾ പാറി നടക്കുന്നു
വണ്ടുകൾ മൂളി പായുന്നു ...
എന്തേ നീയിതിറിഞ്ഞില്ലാ

ഊഞ്ഞാലാടും ബാലന്മാർ
പൂക്കളിറുക്കും ബാലികമാർ
വഞ്ചിപ്പാട്ടിൻ ഈണത്തിൽ
തെന്നിപ്പായും ഓടങ്ങൾ

തിരുവാതിരയും പൂവിളിയും
അത്തചമയവും പുലികളിയും
എന്തേ നിന്നെ കണ്ടില്ലാ
കള്ളിക്കുയിലെ പൂങ്കുയിലേ

ചേനക്കറിയും ചെറുപയറും
പാലടയും പാൽപ്പായസവും
എല്ലാമൊരുക്കി കഴിഞ്ഞല്ലോ
എന്തേ നിന്നെ കണ്ടില്ലാ

ആർപ്പോ ഇറോ വിളികളുമായി
ഓണത്തപ്പൻ വന്നല്ലോ
കുരവയിടുന്നു അംഗനമാർ
കുട്ടികൾ തുള്ളി ചാടുന്നു

തേന്മാവിൻ ചെറു ചില്ലയിൽ നിന്നും
പൂങ്കുയിൽ നീട്ടി പാടുന്നു
'' മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ ''

ജോഷി പുലിക്കൂട്ടിൽ