നിരാശയിലെ പ്രത്യാശ
*********************************
നറുമഴ പെയ്തൊഴിഞ്ഞൊരാ പാടത്തിൻ
നടവരമ്പത്തിന്നരികിലൂടെ
നനവേറ്റ പുൽകൊടിയറിയാതെയന്നുനീ
പാദമൂന്നിയെന്നിലേക്കിത്തിയല്ലോ
കൗമാരസ്വപ്നങ്ങൾ പൂത്തുതളിർക്കുമാ
അമ്പലപറമ്പിലെ ആൽത്തറയിൽ
കൂട്ടുകാർ മുമ്പേ ഞാനാ രഹസ്യം
പറയതെയെന്നുള്ളിൽ മൂടിവച്ചു
നീലാംബരത്തിലെ മേഘങ്ങൾ പോലെ
സ്വപ്‌നങ്ങൾ വിതറി നീ പോയ്മറഞ്ഞു
അറിയാതെയെന്നുമാമോർമ്മകൾക്കപ്പുറം
ഒരുപാടു നേരം ഞാൻ ചിലവഴിച്ചു
പുഷ്‌പാഞ്‌ജലിക്കുള്ള നൈവേദ്യപുഷ്‌പങ്ങൾ
അർപ്പിച്ചു നീയന്നു മടങ്ങിടുമ്പോൾ
മനസിലെയാഗ്രഹം മനസ്സറിയിക്കുവാൻ
മുൻപേ ഞാനോടിയാ വഴിയിലെത്തി
കൈയിലെ കുറിമാനം മറ്റാരുമറിയാതെ
നിന്നുടെ കൈകളിലേക്കു നൽകി
മറുപടി കേൾക്കുവാൻ കാത്തുനിൽക്കാതെ
മറഞ്ഞു ഞാനോടിയാ നടവരമ്പിൽ
രാവിനും പകലിനും നീളമന്നേറിയോ
രാവിലോ ഞാനന്നുറങ്ങിയില്ലാ
തുളസിക്കതിരുമായി കുളിപ്പിന്നു കെട്ടിനീ
നിളയിലെയോളംപോൽ മനം നിറച്ചു
അത്തറിൻ മണമുള്ള മണിമാരൻ വന്നപ്പോൾ
അന്നു നീയെന്നെ മറന്നു പോയി
ആയിരംവട്ടം തുറക്കുവാൻ വെമ്പിയെൻ
മനസിലെയോർമ്മകൾ വിതുമ്പിയല്ലോ
ചില്ലുകൾ മുട്ടുമാ ശബ്ദവും ലഹരിതൻ
ചിന്തകൾ മായ്ക്കുമാ ചുരുളുമായ്
ഞാനിന്നലയുന്നു ധരണിയിൽ
അണയാത്ത ഹൃത്തിലെ തീയണയ്ക്കാൻ
വഴിയറിയാതിന്നു വഴിയേയൊഴുകുന്ന
പുഴപോലെയെന്മനമൊഴികിടുന്നു
ഗതിതേടിയിന്നുമലഞ്ഞിടുന്നു
സ്വപ്‌നങ്ങൾ തേടിയലഞ്ഞിടുന്നു
ജോഷി പുലിക്കൂട്ടിൽ
copyright©joshypulikootil