Tuesday, September 22, 2009

കുട്ടനാടന്‍ വിലാപം




കുട്ടനാടന്‍ വിലാപം




ഓളങ്ങളുയരുന്ന കായലിന്‍ നടുവില്‍
ഓടത്തിലൂടെ നീങ്ങുമ്പോള്‍ സഞ്ചാരി
കാണുന്ന കാഴ്ച്ചകളെത്ര മനോഹരം
ദൈവത്തിന്‍ നാടെത്ര വര്‍ണ്ണമനോഹരം




അതിരു തിരിക്കുന്ന കേരങ്ങളും
അങ്ങിങ്ങു കാണുന്ന ഷാപ്പുകളും
പുഞ്ചപ്പാടങ്ങളും കൊയ്ത്തുപാട്ടും
വഞ്ചികള്‍ തന്നുടെയോളങ്ങളും




ഇവിടില്ല മാലിന്യ പരിസ്ഥിതി പ്രശ്നങ്ങള്‍
ഇവിടില്ല വര്‍ഗ്ഗീയ രാഷ്ട്രീയ ഭേദങ്ങള്‍
ചുറ്റുമായ്‌ കാണുന്ന ജലത്തിനു നടുവില്‍
ചുറ്റുന്നു മര്‍ത്യന്‍ ദാഹജലത്തിനായ്‌




ദാഹിക്കും മര്‍ത്യന്‍റെ കൂരയ്ക്ക് മുമ്പിലായ്
ഒഴുകുന്ന ഓടത്തില്‍ ബിസ്സ്ലെരിയും പേറി
പോകുന്ന സഞ്ചാരീ നീയറിയുന്നുവോ
ദൈവത്തിന്‍ നാട്ടിലെ മര്‍ത്യന്‍റെ വേദന




കര്‍ക്കിടകത്തിലെ കാലവര്‍ഷത്തില്‍
മുങ്ങുന്ന കൂരയില്‍ തട്ടുകള്‍ കെട്ടിയും
സര്‍ക്കാര് നല്‍കുന്ന പച്ചരിയും
നെരമിരുളുമ്പോള്‍ ഒപ്പമിരുളുന്ന വൈദ്യുതിയും




പുഴമീനും കപ്പയും കൊഞ്ചുമായ്‌
ഒഴുകുന്ന സൌധത്തില്‍ കേരള ഭക്ഷണം
ഇതിനൊപ്പമുയരുന്ന ടൂറിസ്റ്റ്ബംഗ്ലാവും
ആലപ്പുഴ തന്‍ ആഡംബരങ്ങളും




ഇതുകണ്ട് കോരിത്തരിക്കുന്ന സഞ്ചാരീ
നീയറിയുന്നില്ല കര്‍ഷക നൊമ്പരം
നീ കാണും കേരങ്ങള്‍ പാടുന്ന കഥകളില്‍
പതിയിരിക്കുന്നു പട്ടിണി മരണങ്ങള്‍




മര്‍ത്യന്‍റെ അവകാശമെന്നു പറയുന്ന
വസ്ത്രവും വീടും കുടിവെള്ളവും
ഇല്ലാതെ വലയുന്ന മര്‍ത്യന്‍റെ ദു:ഖം
ഇല്ലാ നിനക്കത്‌ മനസിലാകില്ല
ദൈവത്തിന്‍ നാടേ കേഴുക നീ.......



ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil




2 comments:

  1. adipoli.very very meaningful.i like it

    ReplyDelete
  2. എന്ത് സൌന്തര്യമാണീ കുട്ടനാട്
    എതു പോലെ ജോഷിചേട്ടന്‍റെ കവിതയും

    ReplyDelete