Sunday, March 7, 2010

ആമ്പല്‍പൂവും അരയന്നവും



അന്നെന്‍റെയോര്‍മ്മയില്‍
ആമ്പല്‍ കുളത്തില്‍
അരയന്നമായ് നീ
പറന്നിറങ്ങി

നിന്മുഖം കാണുവാന്‍
നിന്‍റെതായ് മാറുവാന്‍
പിന്നെത്ര വര്‍ഷങ്ങള്‍
വേണ്ടി വന്നു

ഹംസങ്ങളില്ലാതെ
ദൂതുകളില്ലാതെ
അന്നെത്ര സ്വപ്നങ്ങള്‍
പങ്കു വച്ചു

പുഴയുടെ
തീരത്തെ
പൂമരത്തണലില്‍ നാം
പൂന്തേനിറൂക്കുന്ന
ശലഭമായ്

ഓരോരോ ചെടിയിലും
ഓരോരോ പൂവിലും
നമ്മുടെ നിശ്വാസം
അലയടിച്ചു

മറയുന്ന സൂര്യനെ
മറയാക്കി നാമെത്ര
മയില്‍‌പ്പീലിത്തണ്ടുകള്‍
മനസിലേറ്റി

കാലം കഴിഞ്ഞപ്പോള്‍
കണ്മണി നീയെന്‍റെ
ചാഞ്ചാടും തോണിയില്‍
ചെരിഞ്ഞുറങ്ങി

നിന്‍ മിഴിയണയുമ്പോള്‍
കാവലായ് നില്‍ക്കുവാന്‍
ഞാനെന്‍റെ കണ്ണിണ
തുറന്നു വച്ചു

ആമ്പല്‍ക്കുളത്തിലെ
അരയന്നമിപ്പോള്‍
ഇന്നിതാ നമ്മള്‍ക്കായ്‌
പറന്നീടുന്നു

ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil

1 comment: